ബെംഗളൂരു: ബെംഗളൂരു കലാപത്തിൽ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത പൊലീസുകാരുടെ തോക്കുകളും പിസ്റ്റലുകളും സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടി. അക്രമം തടയാനാണ് പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. പിടികൂടിയ തോക്കുകൾ കൂടുതൽ അന്വേഷണങ്ങൾക്കായി ഫോറൻസിക് ലാബിൽ അയച്ചിട്ടുണ്ട്. 117 ബുള്ളറ്റുകൾ കണ്ടുകെട്ടി. സംഭവത്തിൽ നാല് പേരെ കൂടി അറസ്റ്റ് ചെയ്‌തു. തൗസിഫ്, ഫാസിൽ, അഫ്‌സൽ, പാഷ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ബെംഗളൂരു കലാപം; പൊലീസുകാരുടെ തോക്കുകൾ പിടിച്ചെടുത്തു - സിസിബി
പിടികൂടിയ തോക്കുകൾ കൂടുതൽ അന്വേഷണങ്ങൾക്കായി ഫോറൻസിക് ലാബിൽ അയച്ചു. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി അറസ്റ്റ് ചെയ്‌തു.
കലാപവുമായി ബന്ധപ്പെട്ട് 400ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തു. ഇതിന് പുറമെ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്ത് ഡിജെ ഹള്ളി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു നവീൻ എന്നയാൾ മതവിദ്വേഷം വളർത്തുന്ന പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ശ്രീനിവാസ് മൂർത്തിയുടെ മൊഴി ഓഗസ്റ്റ് 19 ന് പൊലീസ് രേഖപ്പെടുത്തി. ഡിജെ ഹള്ളിയിലെ ഒരു പൊലീസ് സ്റ്റേഷനും, നിരവധി പൊലീസ് വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും അക്രമികൾ തീയിട്ടു. നിയമസഭാംഗത്തിന്‍റെയും സഹോദരിയുടെയും വസ്‌തുവകകൾ കൊള്ളയടിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) നേതാക്കളായ മുസാമിൽ പാഷയെയും കലീം പാഷയെയും അറസ്റ്റ് ചെയ്‌തു.