ബ്രിസ്ബെയിൻ: ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ പരിക്കില്‍ വലയുമ്പോഴും ബ്രിസ്‌ബെയിൻ ടെസ്റ്റില്‍ മികച്ച സ്കോർ നേടാനുറച്ച് ടീം ഇന്ത്യ.
രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ടീം ഇന്ത്യ മഴ മൂലം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ ശുഭ്‌മാൻ ഗില്‍ (7), രോഹിത് ശർമ (44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എട്ട് റൺസോടെ ചേതേശ്വർ പുജാരയും രണ്ട് റൺസോടെ നായകൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.
പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് നേടി. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369 റൺസിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ മാർനസ് ലബുഷെയിൻ (108), അർധസെഞ്ച്വറി നേടിയ നായകൻ ടിം പെയിൻ (50) എന്നിവരുടെ മികവിലാണ് ഓസീസ് 369 റൺസ് സ്വന്തമാക്കിയത്. പരിചയ സമ്പത്തില്ലാത്ത ഇന്ത്യൻ ബൗളിങ് നിരയെ അടിച്ചൊതുക്കി വമ്പൻ സ്കോർ നേടാമെന്ന ഓസീസ് സ്വപ്നം ഇന്ന് സഫലമായില്ല.
ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ടി നടരാജൻ, വാഷിങ്ടൺ സുന്ദർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. അതേസമയം, ഒന്നാം ഇന്നിംഗ്സില്‍ ബൗൾ ചെയ്യുന്നതിനിടെ പരിക്കേറ്റ പേസർ നവദീപ് സെയ്‌നിയുടെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ആദ്യ ഇന്നിംഗ്സില്‍ ഔട്ട് ആകുമ്പോൾ രോഹിത് ശർമ മുടന്തി മൈതാനം വിട്ടതും ഇന്ത്യൻ ക്യാമ്പിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.