ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിൽ നടക്കുന്ന പ്രതിഷേധത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ജെഎൻയു ആക്രമണമെന്ന് ഹൈദരാബാദിലെ വനിതാ ആക്ടിവിസ്റ്റുകൾ. ജെഎൻയു വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു. ഇത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്.
ജെഎൻയു ആക്രമണം വിദ്യാർഥികളെ ഭയപ്പെടുത്താനെന്ന് ഹൈദരാബാദിലെ വനിതാ ആക്ടിവിസ്റ്റുകൾ - കേന്ദ്ര സർക്കാർ നീക്കം ഭയപ്പെടുത്താൻ
ജെഎൻയുവിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കുന്ന വിദ്യാർഥി സമൂഹത്തെ മുഴുവൻ ഭയപ്പെടുത്താനാണ് നീക്കമെന്നും ഇവർ ആരോപിക്കുന്നു
വെറുതെ അപലപിക്കുകയല്ലാതെ അക്രമികളെ അറസ്റ്റ് ചെയ്യാനോ നിയമ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ടിവിസ്റ്റ് ദേവി പറഞ്ഞു. ഇത് കേവലം ജെഎൻയുവിലെ ആക്രമണമല്ല . മറിച്ച് ജെഎൻയുവിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കുന്ന വിദ്യാർഥി സമൂഹത്തെ മുഴുവൻ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു.
ജെഎൻയു ഹോസ്റ്റലിൽ മുഖം മൂടി ധരിച്ചെത്തിയ ആയുധ ധാരികൾ ഒന്നരമണിക്കൂറാണ് ആക്രമണം അഴിച്ചു വിട്ടത്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഗൂഢാലോചനയെന്ന വാദവും ശക്തമാവുകയാണ്. അക്രമികളെ പറ്റി കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ നേതാവ് ഐഷാ ഘോഷിനെതിരെ സർവകലാശാല ഓൺലൈൻ രജിസ്ട്രേഷൻ തകരാറിലാക്കിയെന്ന പരാതിയിൽ കേസെടുത്തിരിക്കുകയാണ് പൊലീസെന്നും വനിതാ ആക്ടിവിസ്റ്റുകൾ ആരോപിച്ചു.