ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യൻ സര്‍ക്കാര്‍ ടിക് ടോക്ക്, വിചാറ്റ് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതിന് രണ്ടാഴ്‌ചക്ക് ശേഷം ഇന്ത്യയുടെയും ചൈനയുടെയും ഐ ടി മന്ത്രിമാര്‍ ഇന്ന് ആദ്യമായി ജി-20 ഡിജിറ്റല്‍ എക്കണോമി മന്ത്രിതല സമ്മേളനത്തിന്‍റെ വിര്‍ച്വല്‍ മുറിയില്‍ കണ്ടു മുട്ടി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍റ് ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് തന്‍റെ പരാമര്‍ശങ്ങളില്‍ ചൈനക്കെതിരെ വിമർശനം ഉന്നയിച്ചു.
പൗരന്മാരുടെ പരമാധികാര അവകാശം എന്ന നിലയില്‍ ഡാറ്റാ സ്വകാര്യത ഉറപ്പു വരുത്തുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമാണെന്നായിരുന്നു രവിശങ്കർ അഭിപ്രായപ്പെട്ടത്. സുരക്ഷാ ഉല്‍കണ്‌ഠകള്‍ കണക്കിലെടുത്തു കൊണ്ട് “നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവയും സുരക്ഷിതവും സംരക്ഷിതവും'' ആയി മാറേണ്ടതുണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
“ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രതികരിക്കുന്നവയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നവയും അതോടൊപ്പം തന്നെ സുരക്ഷാ, പ്രതിരോധം, ഡാറ്റാ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ടുള്ള പരമാധികാര രാഷ്ട്രങ്ങളുടെ ഉല്‍കണ്‌ഠകള്‍ പരിഗണിക്കുന്നവയുമായിരിക്കണം,'' സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രസാദ് പറഞ്ഞു. നിലവില്‍ ജി-20ന്‍റെ അധ്യക്ഷ സ്ഥാനം സൗദി അറേബ്യക്കാണ് ഉള്ളത്.
ആപ്പുകള്‍ നിരോധിക്കുവാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശേഷം ചൈന അവരുടെ ശക്തമായ ഉല്‍കണ്ഠകള്‍ രേഖപ്പെടുത്തുകയും അത് ലോക വ്യാപാര സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് പറയുകയും ചെയ്‌തിരുന്നു. തുടർന്ന് ഉഭയകക്ഷി യോഗത്തില്‍ ഈ പ്രശ്‌നം ഉയര്‍ത്തി കൊണ്ടു വരുകയും ചൈന ചെയ്‌തിരുന്നു. അതേ സമയം തന്നെ തങ്ങളുടെ ഉത്തരവുകള്‍ യാതൊരു ഉപേക്ഷയും കൂടാതെ ശക്തമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുവാന്‍ ചൈനീസ് ആപ്പ് കമ്പനികളോട് നിര്‍ദ്ദേശിച്ച ഐ ടി മന്ത്രാലയം അതല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇന്ന് നടന്ന ജി-20 സമ്മേളനത്തില്‍ മന്ത്രി പ്രസാദ് മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു. “ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും ഡാറ്റാ സമ്പദ് വ്യവസ്ഥയും ഒരുമിച്ച് കൈകോര്‍ത്ത് മുന്നോട്ട് പോകേണ്ടതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതും അംഗീകരിക്കേണ്ടതുമാണ്. ഡാറ്റകള്‍ക്ക് മേലുള്ള പരമാധികാരത്തെ നമ്മളെല്ലാവരും മാനിക്കണം. ഡാറ്റകള്‍ നിശ്ചിത പരമാധികാര രാഷ്ട്രത്തിന്‍റെ സ്വന്തമായിക്കണം. അതുപോലെ അവിടത്തെ ജനങ്ങളുടെ സ്വകാര്യതയും ഒരുപോലെ സംരക്ഷിക്കപ്പെടണം.'
'ഇന്ത്യ താമസിയാതെ തന്നെ അതിശക്തമായ ഒരു വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം കൊണ്ടു വരുവാന്‍ പോവുകയാണ്. പൗരന്മാരുടെ ഡാറ്റാ സ്വകാര്യത സംബന്ധിച്ച ഉല്‍കണ്‌ഠകള്‍ മാത്രമായിരിക്കില്ല മറിച്ച് നവീനമായ കണ്ടെത്തലുകള്‍ക്കും സാമ്പത്തിക വികസനത്തിനും വേണ്ടിയുള്ള ഡാറ്റാ ലഭ്യത ഉറപ്പ് വരുത്തലും ആ നിയമം കൈകാര്യം ചെയ്യും.'' എന്ന് അദ്ദേഹം ജി-20 സമ്മേളനത്തില്‍ പങ്കെടുത്തവരെ അറിയിച്ചു.