ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികൾ ഞായറാഴ്ച മുതൽ തുറക്കുമെന്നറിയിച്ച് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം സ്വദേശികൾക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. അസമിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തേക്ക് പോകണമെങ്കിൽ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്. സിക്കിമിൽ കുടുങ്ങി കിടക്കുന്ന അസം സ്വദേശികൾ പശ്ചിമ ബംഗാൾ അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി കുടുങ്ങി കിടക്കുന്ന എല്ലാ അസം സ്വദേശികളെയും സ്വന്തം വാഹനങ്ങളിൽ തന്നെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കും. ഇതിനായി പ്രത്യേക പാസുകളുടെ ആവശ്യമില്ലെന്നും ശർമ്മ പറഞ്ഞു. ഞായറാഴ്ച മുതൽ അതിർത്തികൾ തുറക്കുമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.