ഗുവാഹത്തി:അസമിലെ ഗോൽപാറയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 56 പേരെ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) രക്ഷപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ ബ്രഹ്മപുത്രയും അതിന്‍റെ പോഷകനദിയായ കൃഷ്ണ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. നദികൾ കരകവിഞ്ഞൊഴുകിയത് ഹവ്ര ഘട്ട് ഗ്രാമത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ മാസ്ക് വിതരണം, വെള്ളപ്പൊക്ക പ്രദേശങ്ങളിലെ സ്ക്രീനിംഗ്, മറ്റ് മാർഗനിർദേശങ്ങൾ എന്നിവയിൽ ജില്ലാ ഭരണകൂടത്തെ സഹായിക്കാനും എൻഡിആർഎഫിന് കഴിഞ്ഞു. ഗുവാഹത്തിയിലെ എൻഡിആർഎഫ് ഒന്നാം ബറ്റാലിയൻ ഈ മഴക്കാലത്ത് 1,450 ലധികം ആളുകളെ രക്ഷപ്പെടുത്തി. ജോർഹത്ത്, ബൊംഗൈഗാവ്, കമ്രൂപ് മെട്രോ, ദുബ്രി, ബാർപേട്ട, ഗോൽപാറ, ഗോലഘട്ട്, കാച്ചാർ, ശിവസാഗർ, സോണിത്പൂർ, ധേമാജി, ടിൻസുകിയ എന്നിവിടങ്ങളിൽ 12 ഓളം എൻഡിആർഎഫിന്‍റെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
അസമിലെ ഗോൽപാറയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 56 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ ബ്രഹ്മപുത്രയും അതിന്‍റെ പോഷകനദിയായ കൃഷ്ണ നദിയിലും ജലനിരപ്പ് ഉയര്‍ന്നു
അതേസമയം അസമിലെ വെള്ളപ്പൊക്കം 24 ജില്ലകളെ ബാധിക്കുകയും 1,09,600.53 ഹെക്ടർ പ്രദേശത്തെ വിളകൾക്ക് നാശനഷ്ടമുണ്ടാക്കുകയും സംസ്ഥാനത്തെ 24 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തുവെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2,254 ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മജുലി, ബക്സ, സോണിത്പൂർ, ഉദൽഗുരി ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വൻ മണ്ണൊലിപ്പ് ഉണ്ടായി. അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കൃഷി മന്ത്രി അതുൽ ബോറയും വെള്ളപ്പൊക്കത്തിൽ തകർന്ന കാസിരംഗ ദേശീയോദ്യാനം സന്ദർശിച്ച് മൃഗങ്ങളുടെയും വനപാലകരുടെയും സ്ഥിതിഗതികൾ പരിശോധിച്ചു. വെള്ളപ്പൊക്കത്തിൽ 113 മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും 140 മൃഗങ്ങളെ രക്ഷപ്പെടുത്തിയതായും കിഴക്കൻ അസം വന്യജീവി വിഭാഗത്തിലെ ഡി.എഫ്.ഒ വ്യക്തമാക്കി.