ന്യൂഡൽഹി: മഞ്ഞ് മനുഷ്യൻ എന്നറിയപ്പെടുന്ന യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സൈന്യം. നേപ്പാളിലെ മകാളു ബേസ് ക്യാമ്പിന് സമീപമാണ് യതിയുടേതെന്നു കരുതുന്ന ഭീമൻ കാൽപ്പാടുകൾ കാണപ്പെട്ടത്. സൈന്യത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യതിയുടേതെന്ന് പറയുന്ന കാൽപ്പാടുകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സൈന്യത്തിന്‍റെ പർവതാരോഹക സംഘമാണ് ഈ കാൽപ്പാട് കണ്ടതെന്നും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
'യതി'യുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം
നേപ്പാളിലെ മകാളു ബേസ് ക്യാമ്പിന് സമീപമാണ് യതിയുടേതെന്ന് കരുതുന്ന ഭീമൻ കാൽപ്പാടുകൾ സൈന്യം കണ്ടത്.
സൈന്യം ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍
32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാൽപ്പാടിന്‍റെ ചിത്രമാണ് സൈന്യം പങ്കുവച്ചിരിക്കുന്നത്. ഏപ്രിൽ ഒമ്പതിനാണ് യതിയുടെ കാൽപ്പാടുകൾ കണ്ടതെന്നും ഇതിനു മുമ്പ് യതിയെ കണ്ടിട്ടുള്ളത് മക്കാലു-ബാരുൺ നാഷണല്‍ പാര്‍ക്കിന് സമീപം മാത്രമാണെന്നും ട്വിറ്ററില്‍ പറയുന്നു. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന മനുഷ്യക്കുരങ്ങ് പോലെയുള്ള ഒരു ജീവിയാണ് യതി. യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.