നിർണായക സൈനിക സാഹചര്യങ്ങളില്‍ ശത്രു രാജ്യത്തിന്‍റെ ചാര ഉപഗ്രഹങ്ങളെ തകർക്കുന്നതിനായി രൂപ കല്‍പന ചെയ്തതാണ് ആന്‍റി സാറ്റലൈറ്റ് ആയുധങ്ങൾ. നിലവില്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഈ സംവിധാനം ഉള്ളൂ. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ആന്‍റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം ആരെയും ലക്ഷ്യം വച്ച് കൊണ്ടല്ല എന്ന് പ്രധാനമന്ത്രി ഉറപ്പ് പറയുമ്പോഴും ഇത് ചൈനക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് കരുതാതെ വയ്യ. ബഹിരാകാശത്തുള്ള മിസൈലുകളെ വീഴ്ത്തുന്നതില്‍ പരീക്ഷിച്ച് വിജയിച്ച രാജ്യമാണ് ചൈന. 2017 ജൂലൈ 23നാണ് ഡോങ് നെങ് 3 എന്നമിസൈല്‍ ഉപയോഗിച്ച് ചൈന ഈ പരീക്ഷണം പൂർത്തിയാക്കിയത്. 1950കളിലാണ് അമേരിക്കയും റഷ്യയും എ സാറ്റ് വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. 1985-ല്‍ അമേരിക്ക എ സാറ്റിന്‍റെവികസിപ്പിച്ച പതിപ്പ് പരീക്ഷിച്ചു. പരീക്ഷണം വിജയിച്ചെങ്കിലും 1988ല്‍ തുടർ പരീക്ഷണങ്ങൾ അമേരിക്ക റദ്ദാക്കുകയായിരുന്നു.
മിഷൻ ശക്തി; ബഹിരാകാശത്തും കരുത്ത് കാട്ടി ഇന്ത്യ
ചൈനയും പാകിസ്ഥാനുമടക്കമുള്ള അയല്‍ രാജ്യങ്ങളുമായി സംഘർഷം നിലനില്‍ക്കെ തന്നെ ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം പ്രതിരോധ രംഗത്ത് മികച്ച നേട്ടമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അപകടകരമായ അവശിഷ്ടങ്ങളാണ് ഇത്തരം പരീക്ഷണങ്ങൾ അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നത്. അവ പിന്നീട് ഉപഗ്രഹങ്ങൾക്ക് തന്നെ ഭീഷണിയാകാറുമുണ്ട്. പരീക്ഷണ സമയത്ത്, രാജ്യങ്ങള്‍ സ്വന്തം ഉപഗ്രഹങ്ങളെ തന്നെയാണ് ലക്ഷ്യമിടുന്നത്. മറ്റൊരു രാജ്യത്തിന്‍റെ ഉപഗ്രഹത്തെ തകർക്കുകയാണെങ്കില്‍ അത് യുദ്ധ പ്രഖ്യാപനമായാണ് കണക്കാക്കുക. പരീക്ഷണത്തിനായി ഇന്ത്യയുടെ ഉപഗ്രഹം ഉപയോഗിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ഉപഗ്രഹമാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ ഇന്ത്യ ലോ ഏർത്ത് ഓർബിറ്റിലേക്ക് അയച്ചമൈക്രോസാറ്റാണ് ഈ ഉപഗ്രഹം എന്നാണ്സൂചന.