ലക്‌നൗ: ശൈത്യകാല അവധിക്ക് ശേഷം അലിഗഡ് മുസ്ലീം സര്‍വകലാശാല ജനുവരി 13 മുതല്‍ മൂന്ന് ഘട്ടങ്ങളായി തുറക്കും.വൈസ് ചാന്‍സിലര്‍ പ്രൊഫ. താരിഖ് മന്‍സൂറിന്‍റെ അധ്യക്ഷതയില്‍ അധ്യാപകരും കോളജ് പ്രിന്‍സിപ്പലും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന യോഗത്തിലാണ് മൂന്ന് ഘട്ടങ്ങളായി സര്‍വകലാശാല തുറക്കാന്‍ തീരുമാനിച്ചത്. ക്യാമ്പസിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന അക്രമങ്ങളെ തുടര്‍ന്ന് ശീതകാല അവധി നീട്ടിയിരുന്നു.
മെഡിസിന്‍, യുനാനി മെഡിസിന്‍, മാനേജ്‌മെന്‍റ് സ്റ്റഡീസ്, സക്കീര്‍ ഹുസൈന്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്‌നോളജി എന്നീ ഫാക്കല്‍റ്റികള്‍ ജനുവരി 13ന് ആരംഭിക്കും. ഈ ഫാക്കല്‍റ്റികളിലെ പരീക്ഷകള്‍ ജനുവരി 16 മുതല്‍ ആരംഭിക്കും. നിയമം, വാണിജ്യം, ശാസ്ത്രം, ലൈഫ് സയസ്, കാര്‍ഷികശാസ്‌ത്രം തുടങ്ങിയ ഫാക്കല്‍റ്റികള്‍ ജനുവരി 20ന് ആരംഭിക്കും. പരീക്ഷകള്‍ ജനുവരി 23 നാണ് ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 24 മുതല്‍ മൂന്നാം ഘട്ടത്തില്‍ ആര്‍ട്‌സ് ആന്‍റ് സോഷ്യല്‍ സയന്‍സ്, ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍റ് തിയോളജി, പോളിടെക്‌നിക്ക്, കമ്മ്യൂണിറ്റി കോളജ് തുടങ്ങിയ വിഭാഗങ്ങളിലെ ക്ലാസുകള്‍ ആരംഭിക്കും. പരീക്ഷകള്‍ ജനുവരി 27 മുതലാണ് ആരംഭിക്കുക .വിശദമായ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തതായി പരീക്ഷ കണ്‍ട്രോളര്‍ മുജിബ് ഉല്ല സുബെരി പറഞ്ഞു.
മലപ്പുറം, മുർഷിദാബാദ്, കിഷെങ്കഞ്ച് എന്നിവിടങ്ങളിലെ ഓഫ് ക്യാമ്പസ് എ.എം.യു കേന്ദ്രങ്ങളും ഘട്ടംഘട്ടമായി ഫാക്കൽറ്റി തിരിച്ച് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.എം.യു സ്‌കൂളുകളും ജനുവരി 9 മുതൽ മൂന്ന് ഘട്ടങ്ങളായാണ് തുറക്കുക. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾ ജനുവരി 9 മുതൽ പുനരാരംഭിക്കും. 10, 12 ക്ലാസുകൾ യഥാക്രമം ഒന്നും രണ്ടും ഘട്ടങ്ങളിൽ ജനുവരി 13 മുതൽ ആരംഭിക്കും. അവസാന ഘട്ടത്തിൽ, 9, 11 ക്ലാസുകൾ ജനുവരി 17 മുതൽ ആരംഭിക്കുമെന്നും എഎംയു അഡ്‌മിസ്‌ട്രേഷന്‍ അറിയിച്ചു.