കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തീവ്ര വലതു പക്ഷത്തേക്ക് ചാഞ്ഞ ദേശീയ രാഷ്ട്രീയം ഒരിക്കൽ കൂടി അവിടെ തന്നെ വേരുറപ്പിക്കുന്നു. ബിജെപി അതിശയകരമായ തെരഞ്ഞെടുപ്പ് ജയം കൈവരിച്ചപ്പോൾ ആശംസകൾ അറിയിക്കേണ്ടത് നരേന്ദ്ര മോദിയുടെ വലം കൈയ്യായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയാണ്.
ഇന്ത്യ കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ച് അമിത് ഷാ ഒരിക്കൽ കൂടി ബിജെപിയെ ജയിപ്പിച്ചു. 2018ൽ ഹിന്ദി ഹൃദയ ഭൂമിയെന്നറിയപ്പെടുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്കുണ്ടായ തിരിച്ചടിയെ മറികടന്നാണ് ലോക്സഭയിൽ ബിജെപി മിന്നും വിജയം കണ്ടത്.
തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയുമെല്ലാം ബിജെപിക്കെതിരെ ആളിക്കത്തിയ നേരത്തും പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയെ അമിത് ഷാ പ്രചാരണായുധമാക്കി. 10 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് എന്ത് ചെയ്തു എന്ന ബിജെപിയുടെ ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല.
ബിജെപിയുടെ കടുത്ത ഹിന്ദുത്വ നിലപാടിനെ അമിത് ഷാ ദേശീയ അജണ്ടയാക്കി മാറ്റി. 2014ൽ ആളിക്കത്തിയ മോദി മാജിക് അണഞ്ഞു പോകാതിരിക്കാൻ ആറാഴ്ചത്തെ പ്രചാരണത്തിലൂടെ അമിത് ഷായ്ക്ക് സാധിച്ചു.
2014ൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ പാർട്ടിയെ ശക്തമായ സൈന്യമാക്കി മാറ്റിയെടുക്കാനായിരുന്നു ഷായുടെ പ്രയ്തനം. അതിന്‍റെ തെളിവാണ് 2014ൽ 282 സീറ്റുമായി വിജയിച്ച ബിജെപിക്ക് ഇത്തവണ 303 സീറ്റുമായി വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത്.
ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദി ഒന്നുമല്ലായിരുന്ന കാലം തൊട്ട് തുടങ്ങിയതാണ് മോദി- അമിത് ഷാ ബന്ധം. പിന്നിടങ്ങോട്ട് പ്രതിസന്ധി ഘട്ടങ്ങളിലും വിജയോഘോഷങ്ങളിലുമെല്ലാം അമിത് ഷാ മോദിക്കൊപ്പം നിന്ന് തന്ത്രങ്ങൾ ചൊല്ലി കൊടുക്കുന്ന ചാണക്യനായിരുന്നു. വിമതരുടെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെയും മോദിക്കെതിരെയുള്ള വിമർശനങ്ങൾ അമിത് ഷായുടെ തന്ത്രങ്ങൾക്കു മുന്നിൽ നിഷ്പ്രഭമായി. രാഷ്ട്രീയമായി ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലകളിലും കാവിവത്കരണം കൊണ്ട് വരാൻ അമിത് ഷായുടെ കരുനീക്കങ്ങൾക്കായി. അതിന്‍റെ തെളിവാണ് ബംഗാളിലും ഉത്തർപ്രദേശിലും ഇത്തവണ ബിജെപിക്കുണ്ടായ വിജയം. പാർട്ടിയുടെ വിജയത്തിനായി താഴെ തട്ടിൽ ഏകീകരണമുണ്ടാകണമെന്ന പൂർണ ബോധ്യം അമിത് ഷായ്കുണ്ടായിരുന്നു.
ബിജെപി സർക്കാർ കൊണ്ടുവന്ന പദ്ധതികളെ എല്ലാ സംസ്ഥാനങ്ങളിലും പരസ്യപ്പെടുത്താനും, സമൂഹ മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 100 ശതമാനം ഉപയോഗിക്കുവാനും അമിത് ഷായ്ക്ക് കഴിഞ്ഞു.
ഘടകക്ഷികളെ മെരുക്കി നിർത്തുവാനും എതിരാളികൾക്കെതിരെ ശക്തമായ തന്ത്രം മെനയുവാനും അമിത് ഷാ കാട്ടുന്ന ജാഗ്രതയാണ് ബിജെപിയുടെ മുതൽക്കൂട്ട്. 14ാം വയസ്സിൽ രാഷ്ട്രീയത്തിലേക്കിറങ്ങിയ അമിത് ഷായുടെ തന്ത്രങ്ങൾ ഒരിക്കലും പിഴച്ചില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചതു മുതൽ പാർട്ടിയുടെ അമരക്കാരനായ അമിത് ഷാ 312 ലോക്സഭ മണ്ഡലങ്ങളിലായി 161പ്രചാരണ റാലികളിൽ പങ്കെടുത്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും മാറ്റി നിർത്തി പുതിയ നേതാക്കളെ രംഗത്തിറക്കാൻ അമിത് ഷാ മടിച്ചില്ല. പാർട്ടിയിലെ തലതൊട്ടപ്പൻമാരെ മാറ്റി നിർത്തിയ അമിത് ഷായുടെ നടപടിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഷായുടെ നീക്കങ്ങൾ പിഴച്ചില്ല. എൽ കെ അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറിൽ മത്സരിച്ച അമിത് ഷാ അഞ്ച് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ വട്ടം അദ്വാനി നേടിയതിനേക്കാൾ വന്‍ ഭൂരിപക്ഷം.