ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന്‍റെ ഭാഗമായുണ്ടായ സംഘര്‍ഷം കനത്തതിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം ചേര്‍ന്നു. ഡല്‍ഹിയിലെ ക്രമസമാധാന നില സംബന്ധിച്ച് അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സുരക്ഷ കണക്കിലെടുത്ത് ഡല്‍ഹി അതിര്‍ത്തികളായ സിംഗു, ഗാസിപൂര്‍, തിക്രി, മുകാര്‍ബ ചൗക്ക്, നംഗ്‌ലോയ്, സമീപ പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു.
ഡല്‍ഹി സംഘര്‍ഷം; അമിത് ഷായുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു - delhi latest news
ഡല്‍ഹിയിലെ ക്രമസമാധാന നില സംബന്ധിച്ച് അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
ഡല്‍ഹിയിലെ അടിയന്തര സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന പൊലീസിന്‍റെ ശുപാര്‍ശയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഉന്നത വ്യത്തങ്ങള്‍ പറയുന്നു. സാഹചര്യത്തിനനുസരിച്ച് ആഭ്യന്തര മന്ത്രാലയം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. പ്രക്ഷോഭകര്‍ ഉച്ചയോടെ ചെങ്കോട്ടയിലെത്തുകയും പതാക ഉയര്‍ത്തുകയും ചെയ്‌തിരുന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.
ലാത്തി ചാര്‍ജിലും സംഘര്‍ഷത്തിലുമായി നിരവധി കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ നവംബര്‍ 26 മുതല്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്.