തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗിനെ മാറ്റണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. വ്യവസായിയെ കൊള്ളയടിച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് അഖിലേഷിന്‍റെ പ്രതികരണം.
ഉത്തർപ്രദേശ് ഡിജിപിയെ മാറ്റണം; അഖിലേഷ് യാദവ്
പൊലീസ് ഓഫീസർമാർ മോഷണക്കേസുകളിൽ ഉള്‍പ്പെടുന്നതിന്‍റെ ഉത്തരവാദിത്വം ഡിജിപിക്കുമുണ്ടെന്ന് അഖിലേഷ്.
പൊലീസ് ഓഫീസർമാർ തന്നെ മോഷണക്കേസുകളിൽ ഉള്‍പ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുളളത്. ഇത്തരം സംഭവങ്ങള്‍ക്ക് ഡിജിപിയും ഉത്തരവാദിയാണ്. മായാവതി അവശ്യപ്പെട്ടതുപോലെ ഡിജിപിയെ സ്ഥാനത്ത് നിന്നും നീക്കണമെന്നും അഖിലേഷ് പറഞ്ഞു. കള്ളപ്പണം പിടിച്ചെടുക്കുന്നെന്ന് പറഞ്ഞാണ് കൽക്കരി വ്യാപാരിയെ പൊലീസ് ഉദ്യോഗസ്ഥർ കൊള്ളയടിച്ചത്.
സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ബിജെപിയെ ഉദ്ദേശിച്ചാണെന്നും അഖിലേഷ് ആരോപിച്ചു. സേനയിൽ രാഷ്ട്രീയം കലർത്തിയവരാരെങ്കിലുമുണ്ടെങ്കിൽ അത് ബിജെപിയാണ്. ഭരണം ലഭിക്കാൻ ബിജെപിക്കാർ എന്തും ചെയ്യുമെന്നും അഖിലേഷ് കുറ്റപ്പെടുത്തി.