വ്യോമസേന മേധാവിയായി ആര്‍കെഎസ് ബദൗരിയ ചുമതലയേറ്റു
1980 ജൂണ്‍ 15ന് സ്വോഡ് ഓഫ് ഓണര്‍ വിശേഷ പദവി നേടിയാണ് ബദൗരിയ വ്യോമസേനയുടെ ഭാഗമായത്
ന്യൂഡല്‍ഹി:വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് സിങ് ബദൗരിയ 26ാമത് വ്യോമസേന മേധാവിയായി ചുമതലയേറ്റു. നിലവിലെ എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1980 ജൂണ്‍ 15ന് സ്വോഡ് ഓഫ് ഓണര്‍ വിശേഷ പദവി നേടിയാണ് ബദൗരിയ വ്യോമസേനയുടെ ഭാഗമായത്. വ്യോമസേനയുടെ വൈസ് ചീഫായി സേവനമനുഷ്ഠിച്ചിരുന്ന ബദൗരിയ നേരത്തെ വ്യോമസേനയുടെ ബെംഗളൂരു ആസ്ഥാനമായുള്ള പരിശീലന കമാൻഡിന്‍റെ തലവനായിരുന്നു. ഫ്രാൻസുമായുള്ള 36 റാഫേൽ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീമിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാൻഡന്‍റ്, സെൻട്രൽ എയർ കമാൻഡിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ, എയർ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് തുടങ്ങി നിരവധി സുപ്രധാന പദവികളും ബദൗരിയ വഹിച്ചിട്ടുണ്ട്.
സതേൺ എയർ കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് (എഒസി-ഇൻ-സി) ആയും ബദൗരിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റ് ഒന്നിനാണ് അദ്ദേഹം ബെംഗളൂരു ആസ്ഥാനമായുള്ള പരിശീലന കമാൻഡിന്‍റെ ചീഫ് ആയി ചുമതലയേറ്റതെന്നതും ശ്രദ്ധേയം. നിലവില്‍ എയര്‍ ചീഫ് മാര്‍ഷലായിരുന്ന ധനോവ സ്ഥാനമൊഴിയുന്നതിന് മുമ്പ് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകം സന്ദർശിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികളും അർപ്പിച്ചു.