ന്യൂഡൽഹി:ലോക്സഭയിൽ മൂന്ന് കാർഷിക പരിഷ്കരണ ബില്ലുകൾ പാസാക്കിയതിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെയും കാർഷിക മേഖലയെയും ഇടനിലക്കാരിൽ നിന്നും മറ്റ് തടസ്സങ്ങളിൽ നിന്നും മുക്തരാക്കാൻ ബില്ല് സഹായിക്കുമെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആക്ഷേപിച്ചു. കാർഷിക സമൂഹത്തിന് മിനിമം സപ്പോർട്ട് പ്രൈസും (എംഎസ്പി) മറ്റും ലഭിക്കുന്നതാണ് പുതിയ ബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭയിൽ പാസാക്കിയ കാർഷിക പരിഷ്കരണ ബില്ലുകൾക്കായി രാജ്യത്തെ കർഷകരെ അഭിനന്ദിക്കുന്നതായും ഉൽപ്പന്നങ്ങൾ വിൽപ്പനക്കെത്തിക്കുന്നതിനിടെയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാൻ ബില്ല് കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്‌പി വഴി കർഷകർക്ക് ന്യായമായ വില നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബിജെപി സർക്കാർ മുമ്പ് ഇത് ചെയ്തിട്ടുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാർ സംഭരണം മുമ്പത്തെപ്പോലെ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഇന്നലെയാണ് ലോക്‌സഭയിൽ ബില്ലുകൾ പാസായത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്‌പി) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലുകൾ കർഷക വിരുദ്ധമെന്ന് പറഞ്ഞു. കാര്‍ഷിക ബില്ലിലൂടെ പുതിയതായി കൊണ്ടുവന്ന പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഇന്നലെ രാജി വെച്ചിരുന്നു.