കേരളം

kerala

ETV Bharat / bharat

ഏജന്‍സികള്‍ സത്യം പറയുന്നില്ലെന്ന് കശ്‌മീര്‍ ഗവർണർ സത്യപാൽ മാലിക്

കശ്‌മീരിലെ യുവാക്കളുടെ സ്വപ്‌നങ്ങളും ജീവിതവും തകര്‍ത്തത് സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആള്‍ക്കാരാണ്. ജനങ്ങള്‍ സത്യം മനസ്സിലാക്കി സമാധാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഗവർണർ

ഏജന്‍സികള്‍ സത്യം പറയുന്നില്ല, കശ്മീരിലെ യുവാക്കളോട് സംസാരിച്ചു-ഗവർണർ സത്യപാൽ മാലിക്

By

Published : Oct 23, 2019, 4:15 PM IST

ജമ്മു: കശ്‌മീരില്‍ ഗവര്‍ണറായി നിയമിതനായ ശേഷം ഇന്‍റലിജന്‍സ് ഏജന്‍സികളോടല്ല പകരം കശ്‌മീരിലെ യുവാക്കളോടാണ് താന്‍ സംസാരിക്കുന്നതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കത്ര ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്‌മീരിലെ മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍, ഹുറിയത്-മത നേതാക്കള്‍ തുടങ്ങിയവര്‍ക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ല. സാധാരണക്കാരുടെ മക്കളാണ് കൊല്ലപ്പെടുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കശ്‌മീരിലെ യുവാക്കളുടെ സ്വപ്‌നങ്ങളും ജീവിതവും തകര്‍ത്തത് സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആള്‍ക്കാരാണ്. ജനങ്ങള്‍ സത്യം മനസ്സിലാക്കി സമാധാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. അക്രമം അഴിച്ചുവിടുന്ന വിഭാഗക്കാരുടെ മക്കള്‍ വിദേശത്താണ് പഠിക്കുന്നത്. അവരെല്ലാം നല്ല നിലയില്‍ ജീവിക്കുന്നു. എന്നാല്‍ സാധാരണക്കാരുടെ മക്കളെ ഇത്തരക്കാര്‍ മരണത്തിലേക്ക് തള്ളിവിടുന്നു. അതിനാല്‍ സത്യം മനസ്സിലാക്കണമെന്നാണ് കശ്‌മീരിലെ യുവാക്കളോടും ജനങ്ങളോടും തനിക്ക് പറയാനുള്ളതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് നിങ്ങള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

22,000 കശ്‌മീരി യുവാക്കൾ പഠനത്തിനായി കശ്‌മീരിന് പുറത്താണ് താമസിക്കുന്നത്. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയക്കാർ അവഗണിക്കുകയാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ സാധിക്കുന്നില്ല. കശ്‌മീരിന് നൽകിയ പണം രാഷ്ട്രീയക്കാരും അധികാരികളും മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് കശ്‌മീരിലെ ജനങ്ങളുടെ വീടുകളുടെ മേൽക്കൂര സ്വർണം കൊണ്ടുള്ളതാകുമായിരുന്നുവെന്നും സത്യപാൽ മാലിക് പറഞ്ഞു.

ABOUT THE AUTHOR

...view details