ന്യൂഡൽഹി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലും സിബിഐ റെയ്ഡ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഉദിത് പ്രകാശിന്‍റെ വീട്ടിലും ഡൽഹി സർക്കാരിന്‍റെ വാണിജ്യനികുതി വകുപ്പിലെ ജിഎസ്‌ടി ഉദ്യോഗസ്ഥനായിരുന്ന ഗോപാൽ കൃഷ്‌ണ മാധവിന്‍റെ വസതിയിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞായിരുന്നു സിബിഐ റെയ്‌ഡ്. ഇതിന് പുറമെ, കഴിഞ്ഞ ബുധനാഴ്‌ച അറസ്റ്റ് ചെയ്‌ത ധീരജ് ഗുപ്‌തയുടെ വസതിയും പരിശോധിച്ചു. ജിഎസ്‌ടി ഈടാക്കാതിരിക്കാൻ കൈക്കൂലി വാങ്ങുന്നതിൽ ഗുഡ്‌സ് ആന്‍റ് സർവീസ് ടാക്‌സ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ മധ്യസ്ഥനായിരുന്നു ധീരജ് ഗുപ്‌ത. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസർ ഗോപാൽ കൃഷ്‌ണ മാധവിനെ വ്യാഴാഴ്‌ച കസ്റ്റഡിയിലെടുത്തതും തുടർന്ന് റെയ്‌ഡ് നടത്തിയതും. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മാധവിനെ ഡൽഹി കോടതിയിൽ ഹാജരാക്കും.
ഡല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ റെയ്ഡ്
ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറാണ് ഗോപാൽ കൃഷ്‌ണ മാധവ്. ഇദ്ദേഹത്തിന്‍റെ അറസ്റ്റിന് പിന്നാലെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഉദിത് പ്രകാശിന്‍റെ വസതിയിലും ഓഫീസിലുമാണ് സിബിഐ പരിശോധന നടത്തിയത്.
സിബിഐ റെയ്ഡ്
അറസ്റ്റിലായ മാധവിന് തക്കതായ ശിക്ഷ നൽകണമെന്ന് സിസോദിയ ആവശ്യപ്പെട്ടു. അതേസമയം, 2015 മുതൽ ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായ മാധവിനെപ്പോലെ ഉള്ളവരും ആം ആദ്‌മി പാർട്ടിയും വാണിജ്യക്കാരെ കൊള്ളയടിക്കുകയാണെന്നും ഈ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാൾ നിശബ്‌ദത പാലിക്കുന്നത് ശരിയല്ലെന്നും ഡൽഹിയിലെ ബിജെപി പറഞ്ഞു.