ബംഗലുരു: അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ അസമിന് ശേഷം കർണാടകയിലും നാഷണല്‍ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) ലിസ്റ്റ് ഒരുങ്ങുന്നു. പല സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വന്ന് സ്ഥിരതാമസമാക്കുന്ന സ്ഥലങ്ങളിലൊന്നാണ് കര്‍ണാടക. ഇത് നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്നും അതിനാല്‍ സാധ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുകയാണെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ബശ്വരാജ് ഭോമായ് അറിയിച്ചു. കര്‍ണാടകയിലും എന്‍ആര്‍സി നടപ്പാക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലും എന്‍ആര്‍സി നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ - എൻആർസി
അസമിന് ശേഷം കർണാടകയിലും നാഷണല്‍ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ലിസ്റ്റ് ഒരുങ്ങുന്നതായും ഇതിനായി പുതിയ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിച്ചതായും റിപ്പോര്‍ട്ടുകള്‍.
ബംഗലുരുവില്‍ നിന്ന് 35 കിലോമീറ്റർ അകലെയുള്ള നെൽമംഗല താലൂക്കിൽ തടങ്കൽ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജൂലൈയില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്. ബംഗലുരുവിൽ തടങ്കൽ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി എന്‍ആര്‍സി ലിസ്റ്റിന് മുമ്പ് തന്നെ സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. അനധികൃതമായി താമസിക്കുന്ന ആഫ്രിക്കക്കാരുടെയും ബംഗ്ലാദേശികളുടെയും എണ്ണം കണക്കിലെടുത്ത് ബംഗലുരുവിൽ അധിക തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.