ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ ഏഴ് മുതൽ മൂന്ന് ഘട്ടങ്ങളിലായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സർവീസുകൾ ആരംഭിക്കും.
കൊവിഡ് 19 പശ്ചാത്തലത്തിൽ സർവീസുകൾ നിർത്തിവച്ചിരുന്ന ഡൽഹി മെട്രോ തെർമൽ സ്കാനറുകൾ സ്ഥാപിച്ച ടോക്കൺ കൗണ്ടറുകൾ, പരിമിതമായ പ്രവേശന-എക്സിറ്റ് പോയിന്‍റുകൾ, സാനിറ്റൈസർ എന്നീ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസിന് ഒരുങ്ങുന്നത്. തിങ്കളാഴ്ച യെല്ലൊ ലൈൻ ആയ സമയ്‌പൂർ ബഡ്‌ലി മുതൽ ഹുഡ സിറ്റി സെന്‍റർ വരെയുള്ള ലൈൻ തുറക്കും. ശേഷം സെപ്റ്റംബർ 12 ഓടെ ബാക്കി ലൈനുകൾ പ്രവർത്തനക്ഷമമാക്കും. റെയില്‍വേ പരിസരത്ത് കൊവിഡ് -19 വ്യാപനം പരിശോധിക്കുന്നതിനായി എല്ലാ സുരക്ഷാ നടപടികളോടും കൂടിയാണ് ബാക്കി ലൈനുകൾ തുറക്കുന്നത്. ഇതിനായി സാമൂഹിക അകലം, മുഖംമൂടി, ഹാന്‍റ് സാനിറ്റൈസേഷൻ എന്നിവ കർശനമായി നടപ്പാക്കും.
മെട്രൊ തുറക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച മെട്രോയിൽ തൊഴിലാളികൾ സാനിറ്റൈസേഷൻ ഡ്രൈവ് നടത്തി. തൊഴിലാളികൾ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇന്‍റർചേഞ്ച് സ്റ്റേഷനുകളിലൊന്നായ രാജീവ് ചൗക്കിൽ ബെഞ്ചുകൾ, ലിഫ്റ്റുകൾ, നിലകൾ എന്നിവ വൃത്തിയാക്കി. മുൻകരുതൽ നടപടിയായും സമ്പർക്കം ഒഴിവാക്കുന്നതിനായും യാത്രക്കാർക്കും സ്റ്റാഫുകൾക്കുമായി സാനിറ്റൈസർ ഡിസ്പെൻസിംഗ് മെഷീനുകൾക്കൊപ്പം പ്ലാറ്റ്‌ഫോമുകളിൽ ഓട്ടോമാറ്റിക് തെർമൽ സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ യാത്ര ചെയ്യാൻ ടോക്കണുകൾ അനുവദിക്കില്ല. സ്മാർട്ട് കാർഡുകൾ മാത്രമേ അനുവദിക്കുള്ളൂ.
ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് രാജീവ് ചൗക്ക് സ്റ്റേഷൻ സന്ദർശിച്ച് ഒരുക്കങ്ങൾ നടത്തി. അഞ്ച് മാസത്തിന് ശേഷം ഡൽഹിയിലെ ജനങ്ങൾക്ക് വീണ്ടും മെട്രോയിൽ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും നിൽക്കുന്ന സമയം സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് ട്രെയിനിലെ ഇതര സീറ്റുകളിലോ സ്റ്റാൻഡിലോ ഇരിക്കാനും ഒരു മീറ്റർ ദൂരം പാലിക്കാനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രിസ്‌കിങ്, ടിക്കറ്റിംഗ്, എഎഫ്‌സി ഗേറ്റുകൾ, ലിഫ്റ്റ്, എസ്‌കലേറ്ററുകൾ തുടങ്ങി എല്ലാ തിരക്കേറിയ സ്ഥലങ്ങളിലും അകലം പാലിച്ച് നിൽക്കാനുള്ള അടയാളങ്ങൾ നൽകിയിട്ടുണ്ട്. ഡിഎംആർസി മാർഗനിർദേശപ്രകാരം സ്റ്റേഷനുകളിലെ എല്ലാ ട്രെയിനുകളും അണുവിമുക്തമാക്കും. അതുപോലെ ട്രെയിനുകൾ ഡിപ്പോകളിലേക്ക് മടങ്ങിയെത്തുമ്പോഴും അണുവിമുക്തമാക്കും. സുരക്ഷാ പരിശോധന, ഡോഗ് സ്ക്വാഡുകൾ പട്രോളിങ് എന്നിവയ്‌ക്കൊപ്പം മാനദണ്ഡങ്ങൾ ലംഘിക്കുന്ന യാത്രക്കാരെ നിയന്ത്രിക്കാൻ സ്റ്റേഷനുകളിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.