ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടിക പുറത്തുവിട്ടു; ഒരു ലക്ഷത്തോളം പേർ കൂടി അയോഗ്യരായി
അന്തിമപട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കാനിരിക്കേയാണ് കരട് രൂപം പുറത്തുവിട്ടത്
ദിസ്പൂര്‍:ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടിക എൻആർസി അസമിന്‍റെ (നാഷണല്‍ സിറ്റിസണ്‍ഷിപ്പ് രജിസ്ട്രര്‍) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതിയ പട്ടികപ്രകാരം ഒരു ലക്ഷത്തോളം പേർ കൂടി പൗരത്വ രജിസ്റ്ററിൽ അയോഗ്യരായി. അന്തിമപട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് കരട് രൂപം പുറത്തുവിട്ടത്. 2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ പൗരത്വവുമായി ബന്ധപ്പെട്ട് എതിര്‍പ്പറിയിച്ചിരുന്നവരുടെയും പുനഃപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നവരുടെയും പേരുകളാണ് നിലവിലെ പട്ടികയിലുള്ളത്. പട്ടികയൊടൊപ്പം വ്യക്തികളെ അയോഗ്യരാക്കിയതിനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് എന്‍ആര്‍സിയുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശില്‍ നിന്നു കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെ തുടർന്നാണ് ഈ സംവിധാനമേര്‍പ്പെടുത്തിയത്. 1971 മാർച്ച് 24ന് ശേഷം അസമിലാണ് താമസിക്കുന്നതെന്ന രേഖകൾ സമർപ്പിക്കുന്നവർക്കെ എൻആർസിയിൽ ഇടംപിടിക്കാനാകു എന്നും നിർദ്ദേശമുണ്ടായി. 1951ലാണ് ആദ്യ എന്‍ആര്‍സി തയ്യാറാക്കിയത്. അന്ന് 80 ലക്ഷമായിരുന്നു ജനസംഖ്യ. 2005ല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയനും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 1951ലെ എന്‍ആര്‍സിയില്‍ മാറ്റം വരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985ലെ അസം കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005ലെ കരാര്‍. അന്ന് സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ കാരണം എന്‍ആര്‍സി പുതുക്കല്‍ പൂര്‍ത്തിയാക്കാനായില്ല.