ന്യൂഡല്‍ഹി:2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിമർശനങ്ങൾക്ക് വിട നല്‍കി അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു
പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കാണുന്നത്
അഭിജിതിന്‍റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും മനുഷ്യ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്‍റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നുമാണ് ട്വീറ്റില്‍ പറയുന്നത്. വിവിധ വിഷയങ്ങളില്‍ ആരോഗ്യകരവും വിപുലവുമായ ചര്‍ച്ചകള്‍ നടത്തിയെന്നും ഭാവി ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോയും ട്വീറ്റിനൊപ്പമുണ്ട്.
നൊബേല്‍ പുരസ്കാരം നേടിയ ശേഷം അഭിജിത് ബാനര്‍ജി കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെപ്പോലുള്ള ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നായിരുന്നു അഭിജിത് ബാനര്‍ജി വിമര്‍ശിച്ചത്. അഭിജിതിന്‍റെ സഹായത്തോടെയുള്ള ന്യായ് പദ്ധതിയെ ഇന്ത്യ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഇടത് ചായ്‌വുള്ളതാണെന്നായിരുന്നു പീയൂഷ് ഗോയല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മന്ത്രി തന്‍റെ പ്രൊഫണലിസത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിജിത് മറുപടിയും നല്‍കിയിരുന്നു.