ന്യൂഡൽഹി: ന്യൂഡല്‍ഹിയില്‍ സഹപ്രവർത്തകയെ വെടിവെച്ചു കൊന്നശേഷം പൊലീസുകാരൻ ആത്‌മഹത്യ ചെയ്‌തു. രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. 2018 ബാച്ചിലെ ഉദ്യോഗസ്ഥനായ ദീപാൻഷു രതീ(26)യാണ് പ്രീതി അഹ്ലാവത്തിനെ (26) വെടിവെച്ചു കൊന്നശേഷം ആത്‌മഹത്യ ചെയ്‌തത്.
സഹപ്രവർത്തകയെ വെടിവെച്ചു കൊന്നശേഷം പൊലീസുകാരൻ ആത്‌മഹത്യ ചെയ്‌തു
രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.
മെട്രോ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കാണ് യുവതിക്ക് വെടിയേറ്റത്. ഭജൻപുര പൊലീസ് സ്റ്റേഷനിൽ നിന്നാണ് ദീപാൻഷു രതീക്ക് സർവീസ് റിവോൾവർ ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ദീപാൻഷു രതീയെ തിരിച്ചറിഞ്ഞത്. ഇരുവരുടെയും സുഹൃത്തുക്കൾ, സഹപ്രവർത്തർ തുടങ്ങിയവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പിരിഞ്ഞതെന്നും പൊലീസ് കണ്ടെത്തി.
കുറച്ച് ദിവസങ്ങളായി ഇയാൾ യുവതിയെ പിന്തുടരുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. മൂന്ന് വെടിയുണ്ടകൾ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. യുവതിയെ വെടിവെച്ച ശേഷം കാറിൽ കയറി പോയ രതീയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് മൂർത്താലിനടുത്ത് നിന്ന് കാറിനുള്ളിൽ ഇയാളുടെ മൃതദേഹവും തോക്കും കണ്ടെത്തി.