പാറ്റ്ന: ബിഹാറിൽ 96 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,675 ആയി. ഏറ്റവുമധികം രോഗികളുള്ളത് ഈസ്റ്റ് ചമ്പാരന്‍ (26) ജില്ലയിലാണ്. കൂടാതെ 21 വൈറസ് ബാധിതരുള്ള ബക്‌സർ, ഒമ്പത് വീതം കേസുകളുള്ള ദർഭംഗ, പാറ്റ്ന എന്നിവിടങ്ങളിലും കൊവിഡ്, ഭീതി വിതക്കുന്നുണ്ട്. പുതിയ 96 പോസിറ്റീവ് കേസുകളിൽ സിംവാനിലെ എട്ട് രോഗികളും നവാദയിലെ ഏഴു രോഗികളും ഭോജ്‌പൂരിലെ ആറു കേസുകളും ഉൾപ്പെടുന്നുണ്ട്. ഭാഗൽപൂരീൽ നിന്ന് മൂന്ന് വൈറസ് ബാധിതരെയും സുപോൾ ജില്ലയിൽ നിന്ന് രണ്ട് വൈറസ് ബാധിതരെയും കണ്ടെത്തി. കൂടാതെ, മുസാഫർപൂർ, സീതാമർഹി, മധുബാനി, നളന്ദ, വൈശാലി എന്നിവിടങ്ങളിൽ നിന്ന് ഓരോ കൊവിഡ് കേസുകൾ വീതമുണ്ട്.
ബിഹാറിൽ 96 പേര്‍ക്ക് കൂടി കൊവിഡ്
ബിഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾ സംസ്ഥാനത്തേക്ക്, ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളിലും മറ്റും മടങ്ങി എത്തിയതോടെയാണ് മെയ് മൂന്ന് മുതൽ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുന്നത്
സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 62,503 ആണ്. ബിഹാറിൽ നിന്ന് കൊവിഡ് മുക്തി നേടിയത് 571 രോഗികളാണ്. ബിഹാറിലെ മൊത്തം കേസുകൾ പരിഗണിക്കുമ്പോൾ, കൂടുതൽ രോഗബാധിതരുള്ളത് തലസ്ഥാനത്ത് തന്നെയാണ്. ഇവിടെ ആകെ 176 പോസിറ്റീവ് കേസുകളാണുള്ളത്. 133 പേർക്ക് രോഗം സ്ഥിരീകരിച്ച മുംഗേറാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തെ 38 ജില്ലകളിലും പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിലും ഷിയോഹർ (05), അരാരിയ (04) എന്നിവിടങ്ങളിൽ മാത്രമാണ് താരതമ്യേന കൊവിഡ് ബാധിതർ കുറവുള്ളത്. ബിഹാറിൽ ഇതുവരെ ഒമ്പത് പേർ മരിച്ചു. സംസ്ഥാനത്തേക്ക് അതിഥി തൊഴിലാളികൾ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളിലും മറ്റും മടങ്ങി എത്തിയതോടെയാണ് മെയ് മൂന്ന് മുതൽ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായത്. ഇങ്ങനെ തിരിച്ചെത്തിയവരിൽ 788 പേരുടെ പരിശോധനാഫലവും പോസിറ്റീവാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഡൽഹി (249), മഹാരാഷ്ട്ര (187), ഗുജറാത്ത് (158), ഹരിയാന (43), പശ്ചിമ ബംഗാൾ (38) ), ഉത്തർപ്രദേശ് (28), രാജസ്ഥാൻ (25) എന്നിവിടങ്ങളിൽ നിന്ന് തിരിച്ചെത്തിയ ബിഹാർ സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.