കേരളം

kerala

ETV Bharat / bharat

ബിഹാറിൽ മന്ത്രിയടക്കം 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം 31 വരെ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തി. പട്‌ന, സിവാൻ, ഭാഗൽപൂർ, നളന്ദ, മുൻഗെർ, വെസ്റ്റ് ചമ്പാരൻ എന്നീ ജില്ലകളിൽ കൊവിഡ് കേസുകൾ വളരെ കൂടുതലാണ്

ബിജെപി നേതാക്കന്മാർക്ക് കൊവിഡ്  ബിഹാർ കൊവിഡ്  ബിഹാർ ബിജെപി  BJP leaders test positive for covid  covid in bihar  bihar  ബിജെപികൊവിഡ്  BJP covid
ബിഹാറിൽ 75 ബിജെപി നേതാക്കന്മാർക്ക് കൊവിഡ്

By

Published : Jul 14, 2020, 2:25 PM IST

പട്‌ന:ബിഹാറിൽ 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, മന്ത്രി ദിനേശ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജേഷ് വർമ, രാധ മോഹൻ ശർമ എന്നിവരുൾപ്പെടെയുള്ള നേതാക്കള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭൂരിഭാഗം ജില്ലകളിലും കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 31 വരെ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തി. അടിയന്തര സേവനങ്ങൾക്കൊഴിച്ച് നിയന്ത്രണങ്ങൾ ശക്തമായി തുടരും.

ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, ജിമ്മുകൾ, പൊതു ഗതാഗതം എന്നിവ നിരോധിച്ചു. വിവിധ പാർട്ടി നേതാക്കന്മാരുടെ 100 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 75 പേർക്ക് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിലെ 85 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 75 പേർ ബിജെപി നേതാക്കളാണ്. ഉപമുഖ്യമന്ത്രി സുഷിൽ മോദിയുടെ സ്റ്റാഫ്, ചീഫ് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സുരക്ഷിതരല്ലാത്ത സംസ്ഥാനത്ത് സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാഥവ് ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന കൊവിഡ് കേസുകളിൽ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മരുമകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കുകയും ചെയ്‌തു. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ വെർച്വൽ റാലിയിൽ പങ്കെടുക്കുകയും, പാർട്ടി ഓഫീസിൽ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തത് കൊവിഡ് വ്യാപനത്തിന് കാരണമായി. പട്‌ന, സിവാൻ, ഭാഗൽപൂർ, നളന്ദ, മുൻഗെർ, വെസ്റ്റ് ചമ്പാരൻ എന്നീ ജില്ലകളിൽ കൊവിഡ് കേസുകൾ വളരെ കൂടുതലാണ്. സംസ്ഥാനത്ത് 5,482 പേർ ചികിത്സയിൽ തുടരുമ്പോൾ 160 പേർ മരിച്ചു. 12,317 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details