പുതുവത്സരാഘോഷം: ബംഗളൂരുവില്‍ സുരക്ഷ ശക്തമാക്കി
വിവിധയിടങ്ങളില്‍ 7000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്
ബംഗളൂരു: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി അനിഷ്ട സംഭവങ്ങളുണ്ടാകുന്നത് തടയാൻ ബംഗളൂരുവില്‍ 7,000 സുരക്ഷ ഉദ്യോഗസ്ഥരെ കൂടുതല്‍ നിയമിച്ചതായി ബംഗളൂരു പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു. എം.ജി റോഡിലും ബ്രിഗേഡ് റോഡിലും നിരീക്ഷണത്തിനായി സിസിടിവി ക്യാമറയും സ്ഥാപിച്ചു. ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. ഡിസംബർ മുപ്പത്തിയൊന്നിന് രാത്രി എട്ടുമണി മുതല്‍ ജനുവരി ഒന്നിന് രാവിലെ ആറുവരെ നഗരമധ്യത്തിലെ പ്രധാന തെരുവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കും. രാത്രി ഒമ്പതുമുതൽ നഗരത്തിലുടനീളമുള്ള ഫ്ലൈ ഓവറുകളിൽ വാഹന ഗതാഗതം അനുവദിക്കില്ല. മദ്യപിച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമായി ചൊവ്വാഴ്ച രാവിലെ ആറു മുതൽ ബുധനാഴ്ച രാവിലെ ആറു വരെയാണ് ഫ്ലൈ ഓവറുകളിൽ നിയന്ത്രണം ഉണ്ടാകുക. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.