കാശിപൂര്‍ (ഉത്തരാഖണ്ഡ്):ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകൃയകള്‍ സുതാര്യമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അത്തരം ചിന്തകളെ അസ്ഥാനത്താക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലെ വിവരങ്ങള്‍ പ്രകാരം രാജ്യത്തെ 503 എംപിമാര്‍ അവരുടെ സ്വത്ത് സംബന്ധിച്ച വിവരം ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടില്ല.
സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാതെ 503 എംപിമാര്‍
ഡിസംബര്‍ 10ന് മുമ്പ് സ്വത്ത് വിവരങ്ങള്‍ ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിക്കേണ്ടതാണ്. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്‌തമാകുന്നത്. അമിത് ഷാ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല
2004ല്‍ പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട എല്ലാ ലോക്‌സഭ അംഗങ്ങളും അവരുടെ സ്വത്ത് വിവരങ്ങള്‍ ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിക്കേണ്ടതാണ്. ഈ ചട്ടമാണ് വലിയ തോതില്‍ ലംഘിക്കപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്‌ത് 90 ദിവസങ്ങള്‍ക്കുള്ളില്‍ സ്വത്ത് വിവരം ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിക്കമെന്നാണ് ചട്ടം. ഇത് പ്രകാരം ഡിസംബര്‍ 10ന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
ആകെയുള്ളതില്‍ 36 പാര്‍ലമെന്‍റ് അംഗങ്ങള്‍ മാത്രമാണ് സ്വത്തുവിവരങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇത്തരം നിയലംഘനം നടത്തുന്നത് ഞെട്ടിക്കുന്നതാണ്. സ്വത്ത് വിവരം സമര്‍പ്പിച്ച 36 പേരില്‍ 25 പേര്‍ ബിജെപി എംപിമാരും, എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും, ബിജെഡി, ശിവസേന, എഐഡിഎംകെ എന്നീ പാര്‍ട്ടികളുടെ ഓരോ അംഗങ്ങളും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്ത് വിവരം സമര്‍പ്പിച്ചവരുടെ കൂട്ടത്തിലാണുള്ളത്. ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള നദീം ഉദ്ദിന്‍ എന്ന വിവരാകാശ പ്രവര്‍ത്തകന്‍റെ പ്രവര്‍ത്തനങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സഭയിലെ ഭൂരിഭാഗം മന്ത്രിമാരും സ്വത്ത് വിവരം നല്‍കിയിട്ടില്ലെന്നാണ് വിവരാവാശ രേഖ പറയുന്നത്. അമിത് ഷായും ഈ പട്ടികയിലുണ്ട്. കോണ്‍ഗ്രസ് എംപിമാരായ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും സ്വത്ത് വിവരം സമര്‍പ്പിച്ചില്ല.