ന്യൂഡല്‍ഹി: നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 400 പേർക്ക് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സമ്പർക്ക പട്ടിക തയ്യാറാക്കിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 400 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍
സമ്മേളനത്തില്‍ പങ്കെടുത്തതില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. 176 കേസ്. സമ്പർക്ക് പട്ടിക തയ്യാറാക്കിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രോഗികളെ കണ്ടെത്തിയത്
സമ്മേളനത്തില്‍ പങ്കെടുത്തതില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്, 176 കേസ്. ഡല്‍ഹി- 47, ആന്ധ്രാപ്രദേശ്- 67, തെലങ്കാന- 33, അസം- 17, രാജസ്ഥാൻ- 11, ആൻഡമാൻ നിക്കോബാർ - 9, ജമ്മു ആൻഡ് കശ്മീർ- 22, പുതുച്ചേരി- 2 എന്നിങ്ങനെയാണ് സമ്മേളനത്തില്‍ പങ്കെടുത്ത രോഗബാധിതരുടെ കണക്ക്. കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇനിയും കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിക്കുകയും മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളില്‍ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ഡല്‍ഹി തബ്‌ലീഗ് ജമാത്ത് പരിപാടി കൊവിഡ് 19ന്‍റെ ഹോട്ട്സ്‌പോട്ടായി മാറി. 1897 ഡല്‍ഹി പകർച്ചവ്യാധി നിയമപ്രകാരം തബ്‌ലീഗ് ജമാത്ത് മേധാവി മൗലാന സാദിനും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ ധാരാവി സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗി താമസിച്ച വീടും കെട്ടിടവും സീല്‍ ചെയ്തതായും അഗർവാൾ പറഞ്ഞു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണെന്നും കെട്ടിടത്തിലെ മറ്റ് താമസക്കാരുടെ സാമ്പിളുകൾ ശേഖരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടർ രാജിവയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 1.5 കോടിയിലധികം രൂപയുടെ ചികിത്സാ ഉപകരണങ്ങൾക്ക് ഓർഡർ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.