ന്യൂഡല്‍ഹി: രാജ്യസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്‍റ് അനെക്‌സ് കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ സീല്‍ ചെയ്‌തു. രാജ്യസഭയിലെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥീകരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. പാർലമെന്‍റ് സമുച്ചയത്തിൽ ഇതുവരെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഉദ്യോഗസ്ഥന് കൊവിഡ്; പാര്‍ലമെന്‍റ് അനെക്‌സ് കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ അടച്ചു - പാര്‍ലമെന്‍റ് അനെക്‌സ് കെട്ടിടം
പാർലമെന്‍റ് സമുച്ചയത്തിൽ ഇതുവരെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മെയ് മൂന്നിന് പാർലമെന്‍റ് പ്രവർത്തനം പുനരാരംഭിച്ച ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചവര്‍ക്കായിരുന്നു അണുബാധ കണ്ടെത്തിയത്. പാര്‍ലമെന്‍റിലെ തന്നെ എഡിറ്റോറിയലില്‍ ട്രാന്‍സിലേഷന്‍ സര്‍വീസിലെ ഉദ്യോഗസ്ഥന് ഒരാഴ്‌ച മുമ്പ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് മുമ്പ് പാര്‍ലമെന്‍റിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഉദ്യോഗസ്ഥന് രോഗം ബാധിച്ചതിനെത്തുടർന്ന് കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കാൻ നിര്‍ദേശിച്ചു. സ്ക്രീനിങിന് ശേഷം മാത്രമേ ജീവനക്കാർക്ക് പാർലമെന്‍റിൽ പ്രവേശിക്കാൻ പാടുള്ളൂ. പാർലമെന്‍റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കണം. അതേസമയം പാർലമെന്‍റിലെയും അതിനടുത്തുള്ള കെട്ടിടങ്ങളിലെയും വിവിധ സെക്രട്ടേറിയറ്റുകളിലും ബ്രാഞ്ചുകളിലും ജോലി ചെയ്യുന്ന ചില ജീവനക്കാർക്കിടയിൽ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.