അഗർത്തല: ത്രിപുരയിൽ 118 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,380 ആയി ഉയർന്നു. കൊവിഡ് വ്യാപനം കുറക്കുന്നതിനായി സർക്കാർ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അറിയിച്ചു. 4,510 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 118 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17 പേർ വിദേശത്ത് നിന്നെത്തിയവരാണ്. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 97 പേർക്ക് ആന്‍റിജൻ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. ത്രിപുരയിൽ 679 പേർ ചികിത്സയിൽ തുടരുമ്പോൾ 1,684 പേർ രോഗമുക്തി നേടി. ഇതുവരെ മൂന്ന് പേർ മരിച്ചു. 14 രോഗികൾ ഇതരസംസ്ഥാനങ്ങളിലേക്ക് പോയി. ഇതരസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മടങ്ങിയെത്തിയതും കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായി.
ത്രിപുരയിൽ 118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,380. രോഗമുക്തി നേടിയവർ 1,684.
വെള്ളിയാഴ്‌ച മുതൽ ബംഗ്ലാദേശ് അതിർത്തികളിൽ ഒരാഴ്‌ചത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി മന്ത്രി രത്തൻ ലാൽ നാഥ് പറഞ്ഞു. ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലെ ഗ്രാമപ്രദേശങ്ങളും, അര കിലോമീറ്ററിനുള്ളിലെ നഗര പ്രദേശങ്ങളും നിലവിൽ സമ്പൂർണ ലോക്ക് ഡൗണിലാണ്. പലചരക്ക്, മെഡിക്കൽ ഷോപ്പുകളും അവശ്യ സേവനങ്ങളും മാത്രമാണ് ഈ പ്രദേശങ്ങളിൽ ലഭ്യമായത്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം ജനങ്ങൾക്ക് പുറത്തിറങ്ങാം. രാഷ്‌ട്രീയ സമ്മേളനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവെച്ചതായും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും രത്തൻ ലാൽ നാഥ് കൂട്ടിച്ചേർത്തു.