ശ്രീനഗർ: സുരക്ഷ പ്രശ്‌നങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപ്പോര മേഖലയിലെ ചുർസുവിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര പുനരാരംഭിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തി എന്നിവരും ഇന്ന് യാത്രയിൽ പങ്കെടുക്കും.
യാത്രയിൽ ഇന്ന് സ്‌ത്രീകളുടെ പരമാവധി പങ്കാളിത്തം ഉണ്ടാകുമെന്ന് ജമ്മുകശ്‌മീർ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്‍റ് വികാർ റസൂൽ വാനി പറഞ്ഞു. 'മെഹബൂബ ജിയും പ്രിയങ്ക ജിയും മറ്റ് നിരവധി സ്ത്രീകളും രാഹുൽ ജിക്കൊപ്പം ചേരും. പാംപോറിലെ ബിർള ഇന്‍റർനാഷണൽ സ്‌കൂളിന് സമീപം ടീ ബ്രേക്ക് ഉണ്ടായിരിക്കും. ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള പാന്ത ചൗക്കിലെ ട്രക്ക് യാർഡിലാണ് രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിലെ ഖാസിഗുണ്ടില്‍ എത്തിയപ്പോഴാണ് ഗുരുതര സുരക്ഷ വീഴ്‌ചയുണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ പിൻവാങ്ങിയതോടെ യാത്ര താൽക്കാലികമായി നിർത്തിവെയ്‌ക്കുകയായിരുന്നു. ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ചുറ്റും വടംപിടിച്ച് ജനക്കൂട്ടത്തെ തടഞ്ഞുനിര്‍ത്തിയിരുന്ന പൊലീസ് പിന്‍വാങ്ങിയതോടെയാണ് സുരക്ഷ പ്രശ്‌നം ഉണ്ടായത്.