ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന്(17.09.2022) ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. പദയാത്ര കേരളത്തില്‍ ഇന്ന് ഏഴാം ദിനം കടന്നിരിക്കുകയാണ്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മയെ കുറിച്ച് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. കൂടാതെ, കായംകുളത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളും സന്ദര്‍ശിക്കും.
ദേശീയപാതയിലൂടെ കടന്നുപോയ രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. പദയാത്ര കൊല്ലം ജില്ലയിലൂടെ കടന്നുപോയപ്പോള്‍ തൊഴിലില്ലായ്‌മക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും സജീവമായി. 'ദേശീയ തൊഴില്‍രഹിത' ദിനം എന്ന വാചകങ്ങള്‍ ശരീരത്തില്‍ പെയ്‌ന്‍റ് ചെയ്‌ത് കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നുകൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
പദയാത്ര നരേന്ദ്രമോദി സര്‍ക്കാരിനെതിരെ: 20 മുതല്‍ 24 വയസ് പ്രായമുള്ള 42ശതമാനം ആളുകളും തൊഴില്‍ രഹിതരാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്ക് ഇന്ത്യയിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയിലെ യുവജനങ്ങള്‍ സെപ്‌റ്റംബര്‍ 17 ദേശീയ തൊഴില്‍രഹിത ദിനമായി ആചരിക്കുകയാണ്. "നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുളള കോണ്‍ഗ്രസ് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഭാരത് ജോഡോ യാത്ര മുമ്പോട്ട് നീങ്ങുന്നതെന്ന്" കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു.
ഭാരത് ജോഡോ യാത്രയുടെ പത്താം ദിനത്തിലേക്ക് രാഹുല്‍ ഗാന്ധി പ്രവേശിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ പതാകയുമായി നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തിനാപ്പം ചേര്‍ന്നത്. യാത്ര 12 കിലോമീറ്റര്‍ കടന്നിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുന്ന അദ്ദേഹം 11 മണിയോടുകൂടി കായംകുളത്ത് എത്തി വിശ്രമിക്കും.
വീണ്ടും അഞ്ച് മണിക്ക് യാത്ര പുനരാരംഭിച്ച് എട്ട് കിലോമീറ്റര്‍ പര്യടനം നടത്തും. തുടര്‍ന്ന് ഇന്നത്തെ യാത്രയുടെ സമാപനത്തില്‍ ചേപ്പാടെത്തി പൊതുജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരന്‍, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവരും പങ്കെടുക്കും.
അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി:കഴിഞ്ഞ ദിവസം(16.09.2022) രാത്രി മാതാ അമൃതാനന്ദമയിയുടെ കരുനാഗപ്പള്ളിക്കടുത്തുള്ള ആശ്രമത്തില്‍ എത്തിച്ചേരാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം കിട്ടിയിരുന്നു. ആശ്രമം സന്ദര്‍ശിച്ച ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
"കൊല്ലം, കരുനാഗപ്പള്ളിയ്‌ക്കടുത്തുള്ള മാതാ അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിച്ചു. അമ്മ സംഘടന വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് താഴെതട്ടിലുള്ളവര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും വേണ്ടി ചെയ്യുന്നത്. എന്‍റെ എളിയ അഭിനന്ദനങ്ങള്‍ അർപ്പിക്കുന്നതോടൊപ്പം അമ്മയുടെ ഊഷ്‌മളമായ സ്നേഹം നിറഞ്ഞ ആലിംഗനം സ്വീകരിക്കുകയും ചെയ്‌തു" എന്ന് രാഹുല്‍ ഗാന്ധി ഫേസ്‌ബുക്കില്‍ കുറിച്ചു.
"നീണ്ട ദിവസത്തിന്‍റെ അവസാനം രാഹുല്‍ ഗാന്ധി വള്ളിക്കുന്നിലെ അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിച്ചു. അവരുടെ എളിയ സ്‌നേഹവും, ഭാഷയും, അതുല്യമായ ദർശനവും, ഭാരത് ജോഡോ യാത്രയുടെ സന്ദേശത്തിന്‍റെ പര്യായമാണെന്ന്" ജയ്‌റാം രമേശ് രാഹുല്‍ ഗാന്ധിയുടെയും അമൃതാനന്ദമയിയുടെയും ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്‌തു.
150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് യാത്ര കശ്‌മീരിൽ സമാപിക്കും. സെപ്‌റ്റംബര്‍ 10നാണ് യാത്ര കേരളത്തിലെത്തിയത്. 19 ദിവസം കേരളത്തിലൂടെ നടത്തുന്ന യാത്ര ഏഴ് ജില്ലകളിലൂടെ കടന്നുപോകും. ശേഷം ഒക്‌ടോബര്‍ ഒന്നിന് കര്‍ണാടകയില്‍ പ്രവേശിക്കും.