ഹൈദരാബാദ്: കൊവാക്‌സിന്‍റെ ഉത്പാദനശേഷി പ്രതിവർഷം 70 കോടി ഡോസായി ഉയർത്തിയതായി ഭാരത് ബയോടെക്. തുടക്കത്തിൽ 20 കോടി ഡോസായിരുന്നു കമ്പനിയുടെ പ്രതിവർഷ ഉത്പാദനശേഷി. വാക്‌സിൻ നിർമാണത്തിന്‍റെ ശേഷി വർധിപ്പിക്കുന്നത് ദീർഘവും പ്രയാസകരവുമായ പ്രക്രിയയാണ്. ഇതിന് നിക്ഷേപവും നിരവധി വർഷങ്ങളുടെ പ്രയത്‌നവും ആവശ്യമാണ്. എന്നാൽ ഹ്രസ്വമായ കാലയളവിൽ കൊവാക്‌സിൻ ഉൽപാദന ശേഷി വിപുലീകരിക്കാൻ ഭാരത് ബയോടെക്കിന് കഴിഞ്ഞതായി കമ്പനി അറിയിച്ചു. മറ്റുരാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വാക്‌സിൻ നിർമാണസാധ്യത പരിശോധിച്ചുവരികയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ കൊവാക്‌സിൻ ശേഷി വർധിപ്പിക്കുന്നതിനായി ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസുമായി (ഐഐഎൽ) സഹകരിച്ചാണ് നിർമാണം.
കൊവാക്‌സിൻ ഉത്പാദനം വർധിപ്പിച്ച് ഭാരത് ബയോടെക് - vaccine
പ്രതിവർഷം 70 കോടി ഡോസ് എന്ന നിരക്കിലാണ് ഉത്പാദനശേഷി വർധിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ 20 കോടി ഡോസായിരുന്നു കമ്പനിയുടെ പ്രതിവർഷ ഉത്പാദനശേഷി.
മെക്‌സിക്കോ, ഫിലിപ്പീൻസ്, ഇറാൻ, പരാഗ്വേ, ഗ്വാട്ടിമാല, നിക്കരാഗ്വേ, ഗയാന, വെനിസ്വേല, ബോട്‌സ്വാന, സിംബാബ്‌വെ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ കൊവാക്‌സിന് എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) ലഭിച്ചു. യുഎസ്‌എ അടക്കമുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഇയുഎ നടപടികൾ പുരോഗമിക്കുന്നതായും കമ്പനി അറിയിച്ചു. അന്താരാഷ്‌ട്ര വിപണികൾക്കുള്ള വിലയും ഇയുഎയ്ക്ക് കീഴിലുള്ള സർക്കാരുകൾക്കുള്ള വിതരണവും ഒരു ഡോസിന് 15 -20 യുഎസ് ഡോളർ വരെ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. ഭാവിയിലുള്ള വാക്‌സിൻ വിതരണത്തിനായി കമ്പനിക്ക് 1,500 കോടി രൂപ മുൻകൂർ നൽകുന്നതിന് കേന്ദ്രം അടുത്തിടെ അനുമതി നൽകിയതായും അധികൃതര്‍ അറിയിച്ചു. ഇതു പ്രകാരം ജൂലൈ മാസത്തോടെ ഒരു ഡോസിന് 150 രൂപ നിരക്കിൽ 9 കോടി ഡോസുകൾ സർക്കാരിന് നൽകിയേക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.