ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയെ സമീപിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷ നിര്‍മാണ കമ്പനി പങ്കുവച്ചു.
ഭാരത് ബയോടെക് ഏപ്രിൽ 19ന് അപേക്ഷ സമർപ്പിച്ചുവെന്നും കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പറയുന്നു. യുഎസ്‌എ, ബ്രസീൽ, ഹംഗറി തുടങ്ങി 60ലധികം രാജ്യങ്ങളിൽ കൊവാക്‌സിനുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ നടക്കുകയാണ്. ഡിസംബർ 31 മുതൽ ഫൈസർ വാക്‌സിന് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരുന്നു.