ന്യൂഡല്‍ഹി: ബ്രസീലില്‍ കൊവാക്‌സിൻ വിതരണത്തിന് 2 ബ്രസീലിയൻ കമ്പനികളുമായി ഒപ്പുവച്ച കരാര്‍ റദ്ദാക്കിയതായി ഭാരത് ബയോടെക്ക്. പ്രെസിസ മെഡിക്കമെന്‍റോസ്, എൻവിക്സിയ ഫാര്‍മസ്യൂട്ടിക്കല്‍സ് എല്‍എല്‍സി എന്നീ കമ്പനികളുമായുള്ള കരാറാണ് കൊവാക്‌സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് റദ്ദാക്കിയത്. എന്നാല്‍ ബ്രസീലിന്‍റെ ദേശീയ ആരോഗ്യ നിരീക്ഷണ ഏജൻസിയായ ആൻവിസയുടെ അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമം തുടരുകയാണെന്നും കമ്പനി പറഞ്ഞു.
മറ്റ് രാജ്യങ്ങളിലും കൊവാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി തേടുകയാണ്. ആഗോള വിതരണത്തിന്‍റെ ഭാഗമായാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമ കമ്പനി ബ്രസീലിന് കൊവാക്‌സിൻ വിതരണം ചെയ്യുന്നത്. 15-20 യുഎസ് ഡോളറാണ് ഒരു ഡോസ് കൊവാക്‌സിന് ആഗോള തലത്തില്‍ വില നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് 15 യുഎസ് ഡോളറിനാണ് ബ്രസീലിന് ഭാരത് ബയോടെക്ക് വാക്‌സിൻ നല്‍കുന്നത്.