നാഗ്‌പൂർ:രാജ്യത്തെ ജനസംഖ്യയുടെ ദ്രുതഗതിയിലെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. വിഭവങ്ങളുടെ ലഭ്യതയും വരാനിരിക്കുന്ന 50 വർഷങ്ങളെയും മുന്നിൽ കണ്ടുകൊണ്ട് ദേശീയ ജനസംഖ്യ നയം പരിഷ്‌കരിക്കണമെന്നും രാജ്യത്ത് വിവാദമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) തയാറാക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.
അതിർത്തികളിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനും നുഴഞ്ഞുകയറ്റക്കാർ പൗരത്വം നേടുന്നതും രാജ്യത്ത് ഭൂമി വാങ്ങുന്നതും തടയുന്നതിനാണ് എൻആർസി തയാറാക്കുന്നത് എന്നാണ് ഭാഗവത് അവകാശപ്പെടുന്നത്.
സംഘടന സ്ഥാപക ദിനം കൂടിയായ വിജയദശമി ദിനത്തിൽ സംസാരിക്കവെയായിരുന്നു ഭാഗവതിന്‍റെ പരാമർശം.
1951 മുതൽ 2011 വരെയുള്ള കാലയളവിൽ ഭാരതത്തിൽ നിന്ന് ഉത്ഭവിച്ച മതങ്ങളിൽപ്പെട്ട ആളുകളുടെ ജനസംഖ്യ വിഹിതം 88 ശതമാനത്തിൽ നിന്നും 83.8 ശതമാനമായി കുറഞ്ഞുവെന്നും എന്നാൽ മുൻപ് 9.8 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 14.23 ശതമാനമായി ഉയർന്നുവെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദശകത്തിൽ മതിയായ ഫലങ്ങൾ നൽകിയതായി അഖില ഭാരതീയ കാര്യകാരി മണ്ഡൽ (എബികെഎം) 2015ൽ പാസാക്കിയ 'ജനസംഖ്യ വളർച്ച നിരക്കിലെ അസന്തുലിതാവസ്ഥ ഉയർത്തുന്ന വെല്ലുവിളി' എന്ന പ്രമേയത്തിൽ പരാമർശിച്ചതായി മോഹൻ ഭാഗവത് പറഞ്ഞു.
2011ലെ സെൻസസിൽ മതവിവരങ്ങളുടെ വിശകലനത്തിലൂടെ പുറത്തുവന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ ജനസംഖ്യാനയത്തിന്‍റെ അവലോകനത്തിന്‍റെ അനിവാര്യത എടുത്തുകാണിക്കുന്നുവെന്നാണ് എബികെഎമ്മിന്‍റെ അഭിപ്രായമെന്ന് ഭാഗവത് പറഞ്ഞു.
വിവിധ മതവിഭാഗങ്ങളുടെ വളർച്ചാ നിരക്കിലെ വ്യത്യാസങ്ങൾ, നുഴഞ്ഞുകയറ്റം, മതപരിവർത്തനം എന്നിവ മതങ്ങളിലെ ജനസംഖ്യ അനുപാതത്തിന്‍റെ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നുവെന്നും അതിർത്തി പ്രദേശങ്ങളിലെ ഐക്യത്തിനും അഖണ്ഡതക്കും സാംസ്കാരിക സ്വത്വത്തിനും ഭീഷണിയായേക്കാമെന്നും പ്രമേയം ഉദ്ധരിച്ചുകൊണ്ട് ആർഎസ്എസ് മേധാവി വ്യക്തമാക്കി.
1952ൽ ജനസംഖ്യ ആസൂത്രണ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ലോകത്തിലെ ആദ്യകാല രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും 2000ൽ മാത്രമാണ് രാജ്യത്ത് സമഗ്രമായ ജനസംഖ്യ നയവും ജനസംഖ്യ കമ്മീഷനും രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2045 ആകുമ്പോഴേക്കും സ്ഥിരതയുള്ളതും ആരോഗ്യകരവുമായ ജനസംഖ്യ കൈവരിക്കുക എന്നതാണ് നയം ലക്ഷ്യമിടുന്നത്. ഇത് ദേശീയ വിഭവങ്ങളുടെ ലഭ്യതയും ഭാവിയിലെ ആവശ്യകതക്കുമനുസരിച്ച് ആയിരിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിൽ മുസ്ലിം ജനസംഖ്യയുടെ വളർച്ച നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും ബംഗ്ലാദേശിൽ നിന്നുള്ള അനിയന്ത്രിതമായ നുഴഞ്ഞുകയറ്റമാണ് ഇതിനുകാരണമെന്നും ഭാഗവത് പറഞ്ഞു.
സുപ്രീം കോടതി നിയോഗിച്ച ഉപമന്യു ഹസാരിക കമ്മീഷന്‍റെ റിപ്പോർട്ടും കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള ജുഡീഷ്യൽ പ്രഖ്യാപനങ്ങളും ഈ വസ്തുതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർ ഈ സംസ്ഥാനങ്ങളിലെ പൗരന്മാരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുപുറമെ, ദുർലഭമായ വിഭവങ്ങളുടെ വിതരണത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഭാഗവത് പറഞ്ഞു.
Also Read: ഐപിഎല്‍ ചാമ്പ്യൻമാരെ ഇന്നറിയാം... ധോണിയും മോർഗനും നേർക്കു നേർ: ദുബായില്‍ ക്രിക്കറ്റ് പൂരം