ചണ്ഡിഗഡ്: പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ആം ആദ്‌മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ നേരിട്ട ആക്ഷേപം പഞ്ചാബിന് പുറത്തുനിന്നുള്ള പാര്‍ട്ടി എന്നതായിരുന്നു. ഭഗവന്ത് സിങ് മാനിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് എഎപി അതിന് മറുപടി നല്‍കിയത്. മുഖ്യമന്ത്രി പദത്തിലിരുന്നവരെല്ലാം തോറ്റ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് 48കാരനായ ഭഗവന്ത് സിങ് മാന്‍.
ശൈശവം കടന്നിട്ടില്ലാത്ത പാർട്ടിയുടെ ജനപ്രിയ മുഖമാണ് ഭഗവന്ത് സിങ് മാന്‍. അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ശക്തരായ നേതാക്കളിലൊരാള്‍. കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ദല്‍വീര്‍ സിങ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്കാണ് ഭഗവന്ത് സിങ് മാന്‍ തോല്‍പ്പിച്ചത്. 2012 മുതല്‍ കോണ്‍ഗ്രസിന് ആധിപത്യമുള്ള മണ്ഡലമാണ് ധുരി. ഇവിടെയാണ് 78 ശതമാനം വോട്ട് വിഹിതവും സ്വന്തം അക്കൗണ്ടിലാക്കി മാന്‍ വിജയിച്ച് കയറിയത്.
മാനിന്‍റെ അനുയായികളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വിജയാഘോഷങ്ങള്‍ക്കിടെ, അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് അരവിന്ദ് കെജ്‌രിവാള്‍ ഇപ്രകാരം ട്വിറ്ററില്‍ കുറിച്ചു- 'ഇസ് ഇന്‍ക്വിലാബ് കേ ലിയെ പഞ്ചാബ് കെ ലോഗോം കൊ ബഹുത്ത് ബഹുത്ത് ബധായി' (ഈ വിപ്ലവത്തിന് പഞ്ചാബിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ). അതിന് പിന്നില്‍ വ്യക്തമായ കാരണവുമുണ്ട്.
'ഇൻക്വിലാബ് സിന്ദാബാദ്' ആണ് റാലികളിലെല്ലാം ഭഗവന്ത് സിങ് മാന്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന മുദ്രാവാക്യം. ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മാന്‍, ഭഗത് സിങ് ധരിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ടര്‍ബനിലാണ് (തലപ്പാവ്) പൊതു ഇടങ്ങളിലും വേദികളിലും പ്രത്യക്ഷപ്പെടാറുള്ളത്.
1973ൽ സംഗ്രൂരിലെ സതോജ് ഗ്രാമത്തിൽ ജനിച്ച മാൻ ഹാസ്യനടനായാണ് കരിയർ ആരംഭിച്ചത്. നിരവധി കോമഡി ഷോകളുടെ ഭാഗമായ മാന്‍ 'ജുഗ്നു മസ്‌ത് മസ്‌ത്' എന്ന ടിവി ഷോയിലെ ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് ജനപ്രീതി നേടുന്നത്. 2011ല്‍ കരിയറില്‍ കത്തി നില്‍ക്കുന്ന കാലത്താണ് രാഷ്‌ട്രീയ പ്രവേശനം. മൻപ്രീത് സിങ് ബാദലിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് പീപ്പിൾസ് പാർട്ടിയിൽ ചേർന്ന് ഭഗവന്ത് സിങ് മാന്‍ 2012ൽ ലെഹ്‌റഗാഗ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.