ഹൈദരാബാദ്: റൈസ് പുള്ളിങ് മെഷീൻ വിറ്റ് ജനങ്ങളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി. മുഖ്യപ്രതിയായ ഹൈദരാബാദ് സ്വദേശി സത്യനാരായണ രാജുവിനെ ബുധനാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 15 പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്.
തട്ടിപ്പ് സംഘത്തിനെതിരെ പശ്ചിമ ബെംഗളൂരുവിലെ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ പ്രസാദ് എന്നയാളെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിൽ നിന്നുള്ള സംഘത്തിലെ മറ്റ് അംഗങ്ങളായ സിദ്ധാർത്ഥ, നാഗുറാവു കിരൺ, ഭാനുദാസ് എന്നിവരും അന്വേഷണ സംഘത്തിന്‍റെ പിടിയിലായി.
പൊലീസായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ്:ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സത്യനാരായണ രാജുവിന്‍റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ബുധനാഴ്‌ച ജൂബിലി ഹിൽസ് പരിസരത്ത് നിന്ന് സത്യനാരായണ രാജുവിനെ പിടികൂടി.