ബെംഗളൂരു : കർണാടകയിൽ സൈബർ കുറ്റകൃത്യങ്ങൾ (Cyber Crimes) തടയുന്നതിന്‍റെ ഭാഗമായി തെറ്റായി ഉപയോഗിക്കപ്പെടുന്ന നിരവധി സിം കാർഡുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്‌ത് സിറ്റി പൊലീസ് (Bengaluru police blocked SIM cards). പൊതുജനങ്ങളെ കബളിപ്പിക്കുന്ന നമ്പറുകൾ കണ്ടെത്തിയാണ് സിം കാർഡുകൾ ബ്ലോക്ക് ചെയ്‌തത്. മൂന്നാഴ്‌ചക്കിടെ 15,000 ത്തിലധികം സിം കാർഡുകളാണ് (SIM cards Blocked) ഇത്തരത്തിൽ പൊലീസ് ബ്ലോക്ക് ചെയ്‌തത്.
നഗരത്തിൽ രജിസ്‌റ്റർ ചെയ്‌ത സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതിനെ തുടർന്നാണ് പൊലീസിന്‍റെ നടപടി. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ഓഗസ്‌റ്റ് 16 ന് ബെംഗളൂരു പൊലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചിരുന്നു. തുടർന്ന് അന്ന് മുതൽ സെപ്‌റ്റംബർ ഏഴ് വരെ നടത്തിയ അന്വേഷണത്തിലാണ് 15,378 സിം കാർഡുകൾ ബ്ലോക്ക് ചെയ്‌തത്.
ഇതിൽ ഭൂരിഭാഗം സിം കാർഡുകളും ഉത്തരേന്ത്യ അടിസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത്. പൊതുജനങ്ങളുടെ ഫോൺ നമ്പർ ശേഖരിച്ച് അവരെ വിവിധ പദ്ധതികളുടെ പേരിൽ സമീപിച്ച് പണം തട്ടുകയും ആത്യന്തികമായി കബളിപ്പിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇത്തരം നമ്പറുകൾ തിരിച്ചറിയാനായിരുന്നു പൊലീസ് ശ്രമിച്ചത്. അതേസമയം ഒറ്റ സിം കാർഡ് ഉപയോഗിച്ച് നിരവധി പേർ പറ്റിക്കപ്പെടുന്ന സാഹചര്യത്തിൽ സിം കാർഡ് ബ്ലോക്ക് ചെയ്‌താൽ തന്നെ കേസുകളുടെ എണ്ണം കുറയുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.