ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ പെട്രോളിന്‍റേയും ഡീസലിന്‍റേയും നികുതി കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അഭ്യര്‍ഥനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാനാകുമോയെന്ന് താന്‍ ആശ്ചര്യപ്പെടുകയാണെന്നും ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
ശനിയാഴ്‌ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് അഡീഷണൽ എക്സൈസ് ഡ്യൂട്ടിയിലാണെന്നും അത് സംസ്ഥാനങ്ങളുമായി പങ്കിടാത്തതാണെന്നും പി ചിദംബരം പറഞ്ഞു. 'പെട്രോളിന്‍റേയും ഡീസലിന്‍റേയും തീരുവ കുറയ്ക്കുന്നതിനുള്ള വിജ്ഞാപനം ഇപ്പോൾ ലഭ്യമാണ്. 'എക്‌സൈസ് ഡ്യൂട്ടി' എന്ന പദമാണ് ധനമന്ത്രി ഉപയോഗിച്ചത്, എന്നാൽ സംസ്ഥാനങ്ങളുമായി പങ്കിടാത്ത അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയിലാണ് കേന്ദ്രം കുറവ് വരുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനാണ് നികുതി കുറയ്ക്കുന്നതിനുള്ള മുഴുവന്‍ ബാധ്യതയും' - പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനങ്ങളുടെ വരുമാനം വാറ്റില്‍ നിന്ന് : പെട്രോളിന്‍റേയും ഡീസലിന്‍റേയും തീരുവയുടെ വിഹിതം വഴി സംസ്ഥാനങ്ങൾക്ക് വളരെ കുറച്ച് മാത്രമാണ് വരുമാനം ലഭിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ വരുമാനം പെട്രോളിന്‍റേയും ഡീസലിന്‍റേയും മേലുള്ള വാറ്റ് നികുതിയില്‍ നിന്നാണെന്നും ചിദംബരം വ്യക്തമാക്കി. 'കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി കൂടുതൽ ഫണ്ട് വിനിയോഗിക്കുകയോ അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ ഗ്രാന്‍ഡുകള്‍ നൽകുകയോ ചെയ്‌തില്ലെങ്കിൽ ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാൻ അവർക്ക് (സംസ്ഥാനങ്ങള്‍ക്ക്) കഴിയുമോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു' - അദ്ദേഹം പറഞ്ഞു.
പെട്രോള്‍-ഡീസല്‍ വിലയില്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന്‍റെ എക്‌സൈസ് തീരുവയില്‍ ഏട്ട് രൂപയും ഡീസലിന്‍റേതില്‍ ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് ഏഴ് രൂപയും കുറയും. എല്ലാ സംസ്ഥാന സർക്കാരുകളും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിരുന്നു.
Read more: ഇന്ധന വിലയില്‍ ഇളവുവരുത്തി കേന്ദ്രം ; പെട്രോളിന് ഒന്‍പതര രൂപയും ഡീസലിന് ഏഴ് രൂപയും കുറയും