മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനഞ്ചാം സീസണില്‍ പ്രവര്‍ത്തിച്ച ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട്സ്‌മെന്നിനും ഒന്നേകാല്‍ കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതാദ്യമായാണ് ഇതാദ്യമായാണ് ബിസിസിഐ ഗ്രൗണ്ട്‌സ്‌മെന്നിന് വന്‍ തുക സമ്മാനമായി നല്‍കുന്നത്.
'ടാറ്റാ ഐപിഎല്‍ 2022ൽ മികച്ച മത്സരങ്ങള്‍ സമ്മാനിച്ചവര്‍ക്ക് 1.25 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ സീസണിലെ 6 ഐപിഎൽ വേദികളിലെ ഞങ്ങളുടെ ക്യൂറേറ്റർമാരും ഗ്രൗണ്ട്സ്‌മെനും അറിയപ്പെടാത്ത ഹീറോകളാണ്. വളരെ ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരുടെ കഠിനാധ്വാനത്തിന് ഓരോരുത്തരുടെയും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,' ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
ബ്രാബോണ്‍ സ്റ്റേഡിയം (സിസിഐ), വാങ്കഡെ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, എംസിഎ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം എന്നിവയ്ക്ക് 25 ലക്ഷം രൂപ വീതവും ഈഡന്‍ സ്റ്റേഡിയത്തിനും നരേന്ദ്ര മോദി സ്റ്റേഡിയത്തിനും 12.5 ലക്ഷം രൂപ വീതവും നല്‍കുമെന്ന് ജയ് ഷാ വ്യക്തമാക്കി. മെയ് 29ന് നടന്ന ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസാണ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ക്ക് വേദിയായത് മഹാരാഷ്‌ട്രയിലെ നാല് സ്റ്റേഡിയങ്ങളാണ്.
മുംബൈയില്‍ വാങ്കഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡന്‍സ് സ്റ്റേഡിയത്തിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും വച്ച് നടന്നു.
Read more: യഥാർഥ നായകനായി ഹാര്‍ദിക് ; ഐപിഎൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്