ഭട്ടിന്‍ഡ(പഞ്ചാബ്):ഭട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്‌പ്പ് തീവ്രവാദ ആക്രമണമല്ലെന്നും വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുണ്ടായതാണെന്നും പഞ്ചാബ് പൊലീസ്. ഏപ്രില്‍ 12നാണ് സൈനിക കേന്ദ്രത്തിലെ വെടിവയ്‌പ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ ദേശായി എന്ന ജവാന്‍ ഇന്ന് അറസ്റ്റിലായിരുന്നു. പഞ്ചാബ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇതോടെ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധം, ഖാലിസ്ഥാന്‍ പങ്ക് എന്നിങ്ങനെയുള്ള സംശയം പൊലീസ് തള്ളി.
മോഷ്‌ടിച്ച ആയുധമാണ് ദേശായി ജവാന്മാര്‍ക്കെതിരെ പ്രയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ പൊലീസിനെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയാണ് പെരുമാറിയിരുന്നതെന്നും സംഘം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മറ്റാരുടെയും പങ്ക് കണ്ടെത്തിയില്ലെങ്കിലും വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച് സംഭവ സ്ഥലത്ത് കണ്ടെത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
സൈനിക കേന്ദ്രത്തില്‍ വെടിവയ്‌പ്പ് നടത്തിയതിന് ശേഷം രണ്ട് പേര്‍ ക്യാമ്പിന് സമീപത്തെ വനത്തിലേക്ക് ഓടി മറഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് മിലിട്ടറി സ്റ്റേഷനില്‍ വെടിവയ്‌പ്പുണ്ടായത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. വെടിവയ്‌പ്പില്‍ സാഗര്‍ ബന്നെ (25), സന്തോഷ് എം നാഗരാല്‍ (25), കമലേഷ് ആര്‍ (24), യോഗേഷ് കുമാര്‍ ജെ (24) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രശ്‌നം വെള്ള കുര്‍ത്തയും പൈജാമയും:മിലിട്ടറി സ്റ്റേഷനില്‍ ആക്രമണം നടത്തിയത് വെള്ള കുര്‍ത്തയും പൈജാമയും ധരിച്ചവരെന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഇവരില്‍ ഒരാളുടെ കൈയില്‍ ഇന്‍സാസ് റൈഫിളും മറ്റെയാളുടെ കൈയില്‍ കോടാലിയും ഉണ്ടായിരുന്നതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മിലിട്ടറി സ്റ്റേഷനിലെ വെടിവയ്‌പ്പിനെ തുടര്‍ന്ന് നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. വെടിവയ്‌പ്പ് ദൃക്‌സാക്ഷികളായ മേജര്‍ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.