ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് വിശകലനം നടത്തുമെന്ന് ബസവരാജ് ബൊമ്മൈ. ഒരു ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഫല പ്രഖ്യാപനത്തിന് ശേഷം വിവിധ തലങ്ങളിൽ എന്തെല്ലാം പോരായ്‌മകളും ഉണ്ടായിരുന്നുവെന്ന് തങ്ങൾ വിശദമായ വിശകലനം നടത്തുമെന്നും അവ പരിശോധിച്ച് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ ശക്തമായി തിരിച്ചുവരുമെന്നും ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.
224 അംഗ സഭയിൽ 119 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 74 സെഗ്‌മെന്‍റുകളിലും ജെഡി(എസ്) 24 സീറ്റുകളിലും മുന്നിലായിരുന്നു. മറ്റുള്ളവർ ഏഴ് സെഗ്‌മെന്‍റുകളിൽ ലീഡ് ചെയ്യുന്നു. മോദി പ്രഭാവത്തിൽ കർണാടകയിൽ ജയം ഉറപ്പിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് മുന്നേറ്റം. കേവല ഭൂരിപക്ഷം കടന്ന കോൺഗ്രസ് തൂക്കുസഭ എന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കാറ്റിൽ പറത്തി. തൂക്കുസഭ വന്നാല്‍ കർണാടകയില്‍ വീണ്ടും രാഷ്ട്രീയ അനിശ്‌ചിതത്വം ഉണ്ടാകുമെന്ന കോൺഗ്രസ് പ്രചാരണം ജനങ്ങളിലെത്തി എന്നതിന്‍റെ സൂചനയായിരുന്നു ജെഡിഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പോലും കോൺഗ്രസിന് ലഭിച്ച മുന്നേറ്റം.