കേരളം

kerala

ETV Bharat / bharat

'മറ്റിടങ്ങളിൽ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിന് എന്ത് കുഴപ്പം'; ദി കേരള സ്റ്റോറി നിരോധനത്തിൽ സുപ്രീം കോടതി

പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചതിനെതിരെ കേരള സ്റ്റോറിയുടെ നിർമാതാക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി

Ban on The Kerala Story  The Kerala Story  Supreme Court  ദി കേരള സ്റ്റോറി  ദി കേരള സ്റ്റോറി ബാൻ  ദി കേരള സ്റ്റോറി നിരോധനത്തിൽ സുപ്രീം കോടതി  ഡി വൈ ചന്ദ്രചൂഡ്  SC seeks response of Bengal govts
ദി കേരള സ്റ്റോറി നിരോധനത്തിൽ സുപ്രീം കോടതി

By

Published : May 12, 2023, 4:41 PM IST

ന്യൂഡൽഹി: ദി കേരള സ്റ്റോറിയുടെ നിരോധനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ, തമിഴ്‌നാട് സർക്കാരുകളോട് വിശദീകരണം തേടി സുപ്രീം കോടതി. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിൽ ഒരു പ്രശ്‌നവുമില്ലാതെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ടെന്നും അതിനാൽ തന്നെ പശ്ചിമ ബംഗാളിൽ നിരോധിക്കാൻ ഒരു കാരണവുമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങിയ ബെഞ്ച് പറഞ്ഞു.

പശ്ചിമബംഗാളിന് സമാനമായ ജനസംഖ്യ ഘടനയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നു. അവിടെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. നിരോധനവും സിനിമയുടെ കലാമൂല്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. ആളുകൾക്ക് സിനിമ ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അവർ അത് കാണില്ല. പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വിയോട് ബെഞ്ച് പറഞ്ഞു.

ക്രമസമാധാന പ്രശ്‌നമുണ്ടായേക്കുമെന്നും വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനം തകർന്നേക്കാമെന്നുമുള്ള ഇന്‍റലിജൻസ് വിവരം അനുസരിച്ചാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയതെന്ന് അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ യോജിക്കാത്ത കോടതി പശ്ചിമബംഗാൾ സർക്കാരിന് നോട്ടിസ് അയക്കുകയായിരുന്നു. ഇക്കാര്യത്തിൽ ബുധനാഴ്‌ചക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ തമിഴ്‌നാട് സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ആക്രമിക്കുകയും കസേരകൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന് മറ്റൊന്നും ചെയ്യാനാകില്ലെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അമിത് ആനന്ദ് തിവാരി പറഞ്ഞു.

എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് ഭീഷണിയുള്ളതിനാൽ തമിഴ്‌നാട്ടിലും ചിത്രത്തിന് നിരോധനമുണ്ടെന്നും പല തിയേറ്ററുകളും പ്രദർശനം ഉപേക്ഷിച്ചെന്നും സിനിമയുടെ നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. പിന്നാലെയാണ് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്‌തമാക്കാൻ കോടതി തമിഴ്‌നാട് സർക്കാരിന് നോട്ടിസ് അയച്ചത്. ഹർജി അടുത്ത വ്യാഴാഴ്‌ച സുപ്രീം കോടതി പരിഗണിക്കും.

'വിവാദ സ്റ്റോറി': സുദീപ്തോ സെൻ സംവിധാനം ചെയ്‌ത് വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച 'ദി കേരള സ്റ്റോറി' റിലീസിന് മുൻപേ തന്നെ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

32,000 പെണ്‍കുട്ടികളെ ഇത്തരത്തിൽ മതപരിവർത്തനം നടത്തി എന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യം അവകാശപ്പെട്ടിരുന്നതെങ്കിലും വിവാദമായതോടെ അത് മൂന്നായി ചുരുക്കുകയായിരുന്നു. ആദ ശർമ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് 'ദി കേരള സ്റ്റോറി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്.

ABOUT THE AUTHOR

...view details