ഭൂമി കുംഭകോണ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിയ്‌ക്കും മകള്‍ മിസാ ഭാരതിയ്‌ക്കും മുന്‍കൂര്‍ ജാമ്യം. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ ആരുടെയും അറസ്റ്റ് രേഖപ്പെടുത്താതെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു എന്ന് കോടതി വ്യക്തമാക്കി.
മൂന്ന് പേരോടും 50,000 രൂപയുടെ വ്യക്തിഗത ജാമ്യവും തുല്യമായ ആള്‍ ജാമ്യവും ഹാജരാക്കാനാണ് നിര്‍ദേശം. അടുത്തിടെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ലാലു പ്രസാദ് യാദവ് വീല്‍ചെയറിലാണ് കോടതിയില്‍ എത്തിയത്. നേരത്തെ ഫെബ്രുവരി 27ന് റോസ് അവന്യൂ കോടതി ലാലു പ്രസാദ് യാദവ് അടക്കമുള്ള 16 പ്രതികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഹാജരാകാനായിരുന്നു നിര്‍ദേശം.
രാവിലെ 11 മണിയോടെയാണ് ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക ജഡ്‌ജിക്ക് മുന്നില്‍ ഭൂമി കുംഭകോണ കേസിലെ പ്രതികള്‍ ഹാജരായത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചത്.
ഭൂമി വാങ്ങി തൊഴില്‍ നല്‍കി അഴിമതി: ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍ മന്ത്രിയായിരുന്ന കാലത്താണ് ഭൂമി കുംഭകോണം നടന്നത്. റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കോഴയായി വാങ്ങി ജോലി നല്‍കി എന്നതായിരുന്നു കേസ്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അഴിമതി നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഭൂമി കുംഭകോണത്തിലൂടെ ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് സിബിഐ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പ്രസ്‌തുത റെയ്‌ഡില്‍ 600 കോടിയുടെ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകളും മറ്റും കണ്ടെത്തിയതായി ഇഡി വെളിപ്പെടുത്തുകയുണ്ടായി.
ഇഡി കണ്ടെത്തിയത് കോടിക്കണക്കിന് സ്വത്തുക്കള്‍:250 കോടിയുടെ ഇടപാടുകള്‍ നടന്നു എന്നും 350 കോടിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ലഭിച്ചു എന്നുമായിരുന്നു റെയ്‌ഡിന് പിന്നാലെ ഇഡി നല്‍കിയ വിശദീകരണം. ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയും ഇഡി റെയ്‌ഡ് ചെയ്‌തിരുന്നു. വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും 1900 യു എസ് ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും സ്വത്തുക്കളുടെ ക്രയവിക്രയ രേഖകളും കണ്ടെത്തിയിരുന്നു.
ലാലുവിന്‍റെ കുടുംബവും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. അതേസമയം റെയില്‍വേയില്‍ ഒഴിവുവന്ന തസ്‌തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്നും ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി റെയില്‍വേ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് തുച്ഛമായ വിലയ്‌ക്ക് കൈക്കലാക്കിയ ഭൂമിയ്‌ക്ക് നിലവില്‍ കോടികളാണ് വിപണി മൂല്യമെന്നും കുറ്റപത്രത്തില്‍ ഉണ്ട്.