മൃതദേഹങ്ങള്‍ സൂക്ഷിച്ച ഹൈസ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച ബഹനാഗ ഹൈസ്‌കൂള്‍ കെട്ടിടം പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സൂക്ഷിക്കാന്‍ ഹൈസ്‌കൂള്‍ കെട്ടിടം താത്‌കാലിക മോര്‍ച്ചറിയാക്കിയിരുന്നു. അതിനു ശേഷം സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ വിമുഖത കാണിച്ചതിന് പിന്നാലെയാണ് സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
ക്ലാസ് മുറികളില്‍ പ്രവേശിക്കുന്നതില്‍ കുട്ടികള്‍ക്ക് ഭയമുണ്ടെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് നടപടി. സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്.
വ്യാഴാഴ്‌ച ജില്ല മജിസ്‌ട്രേറ്റ് ദത്താത്രേയ ഭൗസാഹേബ് ഷിൻഡെ ബഹാംഗ ഹൈസ്‌കൂൾ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. അപകടവും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിദ്യാര്‍ഥികളെ ഭയപ്പെടുത്തിയെന്നും ക്ലാസുകളിലെത്താന്‍ വിദ്യാര്‍ഥികള്‍ ഏറെ ഭയപ്പെടുന്നുണ്ടെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം: ജൂണ്‍ 2നാണ് ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 288 പേര്‍ മരിക്കുകയും 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പാളം തെറ്റിയ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഗുഡ്‌സ് ട്രെയിനിലേക്ക് മറിയുകയും അതിലേക്ക് ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിന്‍ ഇടിച്ച് കയറുകയുമായിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട് അശ്വിനി വൈഷ്‌ണവ്: ഒഡിഷയിലെ അപകടത്തിന് പിന്നാലെ കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മന്ത്രി സംഭവ സമയത്ത് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്‌തു. മാത്രമല്ല അപകടത്തിലെ ഇരകള്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമാണ് മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചത്.
ദു:ഖം രേഖപ്പെടുത്തി പ്രധാന നേതാക്കള്‍:ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതില്‍ പ്രധാനമന്ത്രിയും രാഷ്‌ട്രപതി, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ദുഃഖം രേഖപ്പെടുത്തി.
സമാനമായ ട്രെയിന്‍ ദുരന്തങ്ങള്‍: സ്വാതന്ത്ര്യത്തിന് പിന്നാലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമുണ്ടായത് 1981 ജൂണ്‍ ആറിനാണ്. ബിഹാറിലെ ബാഗ്മതി നദിയിലേക്ക് ട്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 750 പേരാണ് മരിച്ചത്. 1995 ഓഗസ്റ്റിലും വലിയൊരു ട്രെയിന്‍ ദുരന്തത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫിറോസാബാദിന് സമീപം നിര്‍ത്തിയിട്ട ട്രെയിനില്‍ കാളിന്ദി എക്‌സ്‌പ്രസുമായി പുരുഷോത്തം എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടമാണത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 305 പേരാണ് അന്ന് ദുരന്തത്തിന് ഇരയായത്.
1998ല്‍ പഞ്ചാബിലെ ഖന്നയിലും ട്രെയിന്‍ അപകടം ഉണ്ടായിട്ടുണ്ട്. പാളം തെറ്റിയ ട്രെയിനില്‍ ജമ്മു താവി സീല്‍ദ എക്‌സ്‌പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. 212 പേരാണ് അപകടത്തിന് ഇരകളായത്. 2016 കാണ്‍പൂരിലെ ട്രെയിന്‍ അപകടത്തില്‍ 152 പേരാണ് മരിച്ചത്. 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പുഖ്രായനില്‍ ഇന്‍ഡോര്‍-രാജേന്ദ്ര നഗര്‍ എക്‌സ്‌പ്രസ് പാളം തെറ്റിയാണ് അന്ന് ദുരന്തമുണ്ടായത്.
also read:4 വര്‍ഷത്തിനിടെ പാളം തെറ്റിയത് 422 ട്രെയിനുകള്‍; ഒഡിഷയിലേത് വന്‍ ദുരന്തം, ചര്‍ച്ചയായി സിഐജി റിപ്പോര്‍ട്ട്