ഹരിയാനയിലെ കര്‍ണാലില്‍ മാരക ആയുധങ്ങളുമായി ഖലിസ്ഥാന്‍ ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡ്രോണ്‍ വഴിയാണ് ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അറസ്റ്റിലായ നാലുപേർക്ക് പുറമേ ബബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍ എന്ന നിരോധിത സംഘടനയിലെ അംഗം ഹര്‍വീന്ദര്‍ സിങ് റിന്‍ഡക്കെതിരെയും പൊലീസ് എഫ്‌ഐആര്‍ ചുമത്തിയിട്ടുണ്ട്. ഇതിലൂടെ ബബര്‍ ഖല്‍സ എന്ന പേര് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.
എന്താണ് ബബര്‍ ഖല്‍സ ? :സിഖുകള്‍ക്ക് വേണ്ടി ഒരു സ്വതന്ത്ര രാജ്യം അഥവാ ഖലിസ്ഥാന്‍ രൂപീകരണം എന്ന ആശയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയാണ് ബബര്‍ ഖല്‍സ. അനുഭാവികള്‍ക്കിടയില്‍ പ്രതിരോധ പ്രസ്ഥാനമായി അറിയപ്പെടുന്ന, 1970കളുടെ അന്ത്യത്തിലും 1980കളുടെ തുടക്കത്തിലും ഇന്ത്യയില്‍ സജീവമായിരുന്ന സംഘടന ഒരു കാലത്ത് കേന്ദ്ര സര്‍ക്കാരിന് തലവേദന സൃഷ്‌ടിച്ചിരുന്നു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ചില ഭാഗങ്ങളിലും കാനഡ, ജര്‍മനി, യുകെ എന്നീ രാജ്യങ്ങളിലുമാണ് സംഘടനയുടെ പ്രവര്‍ത്തനം.
1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബബര്‍ ഖല്‍സ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടി വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാര്‍ കൊല്ലപ്പെട്ടു. മോണ്‍ട്രിയാലില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്നതിനിടെ അറ്റ്‌ലാന്‍റിക് സമുദ്രത്തിന് മുകളില്‍ 31,000 അടി ഉയരത്തില്‍ വച്ചാണ് വിമാനം പൊട്ടിത്തെറിച്ചത്. വിമാനത്തിലുണ്ടായിരുന്ന 268 കനേഡിയന്‍ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഇന്ത്യക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്.
അതേദിവസം തന്നെ ജപ്പാനിലെ നരിത അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഭീകരാക്രമണമുണ്ടായി. ബാഗേജ് ഹാന്‍ഡ്‌ലിങ് റൂമില്‍ വച്ച് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഒരേ സമയം ഇരട്ട സ്‌ഫോടനമായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജപ്പാനിലെ ഭീകരാക്രമണം മുന്‍നിശ്ചയിച്ച പ്രകാരം നടന്നില്ല. തല്‍വീന്ദര്‍ സിങ് പര്‍മാർ ആയിരുന്നു ഇരട്ട ബോംബ് സ്‌ഫോടനങ്ങളുടേയും ആസൂത്രകന്‍. 1995 ഓഗസ്റ്റ് 31ന് പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങ് ചണ്ഡിഗഡില്‍ വച്ച് ചാവേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ബബര്‍ ഖല്‍സയിലെ അംഗമായിരുന്ന ദിലാവർ സിങ്ങായിരുന്നു ചാവേർ. 1990കളില്‍ പൊലീസ് ഏറ്റുമുട്ടലില്‍ പര്‍മാർ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതോടെ സംഘടനയുടെ സ്വാധീനം പതിയെ കുറയാന്‍ തുടങ്ങി.
ബബർ ഖല്‍സയുടെ പിറവി :1920ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ബബര്‍ അകാലി പ്രസ്ഥാനത്തില്‍ നിന്നാണ് ബബർ ഖല്‍സ എന്ന പേര് ലഭിക്കുന്നത്. അഖണ്ഡ് കീര്‍തണി ജഥേയ്ക്ക് കീഴില്‍ ബിബി അമര്‍ജിത് കൗറിന്‍റെ പിന്തുണയോടെ 1978ല്‍ ജത്തേദര്‍ തല്‍വീന്തര്‍ സിങ് പര്‍മാറും ജത്തേദര്‍ സുഖ്‌ദേവ് സിങ് ബബറും ചേര്‍ന്നാണ് ബബർ ഖല്‍സ എന്ന സംഘടന ആരംഭിക്കുന്നത്. 1978 ഏപ്രില്‍ 13ന് അഖണ്ഡ് കീര്‍തണി ജഥേയുടെ അമൃത്‌ധാരി സിഖ് എന്ന സംഘവും നിരംകാരി എന്ന് പേരുള്ള സിഖ് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
ഇതിനെ തുടര്‍ന്നാണ് ബബര്‍ ഖല്‍സയുടെ പിറവി. തല്‍വീന്തര്‍ സിങ് പര്‍മാറായിരുന്നു ബബർ ഖല്‍സ ഇന്‍റര്‍നാഷണലിന്‍റെ അധ്യക്ഷന്‍. സുഖ്‌ദേവ് സിങ് ബബാർ സഹനേതാവും.
സംഘടനയെ നിരോധിച്ച രാജ്യങ്ങള്‍ : 1967ല്‍ യുഎപിഎ നിയമത്തിന് കീഴിലാണ് സംഘടനയെ കേന്ദ്ര സര്‍ക്കാർ ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തിയത്. ഇന്ത്യയ്‌ക്ക് പുറമെ കാനഡ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, മലേഷ്യ എന്നിവിടങ്ങളിലും ബബര്‍ ഖല്‍സയെ നിരോധിത സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന് തന്നെ ഭീഷണിയെന്നാണ് ബബര്‍ ഖല്‍സയെ അമേരിക്ക വിശേഷിപ്പിച്ചത്.
ഇന്ത്യക്ക് പുറത്ത് പാകിസ്ഥാൻ, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സംഘടന നിലവിൽ യുഎസ്, കാനഡ, യുകെ, ബൽജിയം, ഫ്രാൻസ്, ജർമനി, നോർവേ, സ്വിറ്റ്സർലൻഡ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ സജീവമാണ്. പാകിസ്ഥാന്‍റെ രഹസ്യാന്വേഷണ വിഭാഗമായ ഇന്‍റര്‍ സർവീസസ് ഇന്‍റലിജൻസിന്‍റെ (ഐഎസ്‌ഐ) പിന്തുണയോടെ സംഘടന ലാഹോറില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശ വാദം.
1992ൽ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തൽവീന്ദർ സിങ് പർമാർ ബികെഐയിൽ നിന്ന് പിരിഞ്ഞ് ബബര്‍ ഖൽസ (പർമാർ) വിഭാഗം രൂപീകരിച്ചു. യുകെ, ബൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ബബര്‍ ഖൽസ (പർമാർ) വിഭാഗത്തിന്‍റെ സാന്നിധ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
ഫണ്ട് ശേഖരണം :യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമുള്ള സിഖ് സമുദായത്തില്‍പ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നവരില്‍ നിന്നാണ് പ്രധാനമായും ഫണ്ട് ശേഖരണം. ഭീകര പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള സാമ്പത്തിക സഹായവും ആയുധങ്ങളും ലഭിക്കുന്നതിനായി സംഘടന യോഗങ്ങളും പൊതുറാലികളും ധനസമാഹരണ പരിപാടികളും നടത്തിയിരുന്നു. തല്‍വീന്തര്‍ സിങ് പര്‍മാർ കാനഡയിലുടനീളം റാലികളിലും ധനസമാഹരണ പരിപാടികളും സംഘടിപ്പിച്ചു.
സംഘടനയുടെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും :പാകിസ്ഥാനിൽ ഒളിവിലാണെന്ന ആരോപിക്കപ്പെടുന്ന വാധ്‌വ സിങ്ങാണ് സംഘടനയുടെ നിലവിലെ പ്രസിഡന്‍റ്, മഹൽ സിങ് വൈസ് പ്രസിഡന്‍റും. ഇരുവരും ഇന്ത്യ പ്രഖ്യാപിച്ച ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. 1995 ഓഗസ്റ്റ് 3-ന് പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ കൊലപാതകം വാധ്‌വ സിങിന്‍റെ മേൽനോട്ടത്തില്‍ നടന്നതായാണ് കരുതപ്പെടുന്നത്.