മുംബൈ : സ്‌ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് ബാബ രാംദേവ്. മഹാരാഷ്‌ട്ര വനിത കമ്മിഷൻ പുറപ്പെടുവിച്ച നോട്ടിസിൽ പറയുന്ന കുറ്റം താൻ ചെയ്‌തിട്ടില്ലെങ്കിലും പരാമർശം സ്‌ത്രീകളെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് കമ്മിഷന് നൽകിയ ക്ഷമാപണ കത്തിൽ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച താനെയിൽ നടന്ന യോഗ ക്യാമ്പിലാണ് സ്‌ത്രീകളുടെ വസ്‌ത്രധാരണത്തെ കുറിച്ച് ബാബ രാംദേവ് മോശം പരാമർശം നടത്തിയത്.
സ്‌ത്രീകൾ വസ്‌ത്രം ധരിച്ചില്ലെങ്കിലും അവർ സുന്ദരികളാണെന്ന പ്രസ്‌താവനയാണ് വിവാദത്തിന് കാരണമായത്. സ്ത്രീകളെ വെറും ശരീരമായി മാത്രം കാണുന്ന മനോഭാവമാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മാപ്പുപറഞ്ഞ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര വനിത കമ്മിഷൻ ബാബ രാംദേവിന് നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഖേദ പ്രകടനം.