ജയ്‌പൂർ:ഉത്തർപ്രദേശിനുപിന്നാലെ ഹിന്ദു സന്യാസി മുഖ്യമന്ത്രിയാകുന്ന രണ്ടാം സംസ്ഥാനമാകുമോ രാജസ്ഥാൻ? സംസ്ഥാനത്ത് വമ്പിച്ച വിജയത്തോടെ ബിജെപി അധികാരം കൈപ്പിടിയിലാക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ആ സാധ്യതയിലേക്കാണ് (Rajastan Assembly Election 2023). രാജസ്ഥാൻ ബിജെപിയുടെ തീപ്പൊരി നേതാവും സിറ്റിങ് എംപിയും ഒരു സർവകലാശാലയുടെ ചാൻസലർ കൂടിയായ യുവസന്യാസി ബാബാ ബാലക്‌നാഥ് ആണ് ഈ സാധ്യത തുറന്നിടുന്നത് (Baba Balaknath - Firebrand Leader Of Rajasthan BJP).
ഇത്തവണ തിജാര മണ്ഡലത്തിൽ (Tijara Constituency) നിന്നാണ് ബാലക്‌നാഥ് മത്സരിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിർ സ്ഥാനാർത്ഥി ഇമ്രാൻ ഖാനെക്കാൾ ബഹുദൂരം മുന്നിലാണ് ഈ യുവ സന്യാസി.
കേരളത്തിൽ അധികം പറഞ്ഞുകേൾക്കാത്ത നേതാവാണെങ്കിലും രാജസ്ഥാൻ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നാണ് ബാബാ ബാലക്‌നാഥ് (Main Face of Rajasthan BJP). അൽവാർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് ലോക്‌സഭാംഗമാണ് ബാലക്‌നാഥ് (Lok Sabha Member From The Alwar Constituency). 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം എംപിയായത്.
ഹരിയാനയിലെ ബാബ മഷ്‌നാഥ് മഠാതിപതിയായ (Baba Mashnath Math) ബാബാ ബാലക്‌നാഥ്, റോഹ്തക് ആസ്ഥാനമായുള്ള ബാബ മഷ്‌നാഥ് സർവകലാശാലയുടെ ചാൻസലറാണ് (Chancellor of Baba Mashnath University). പാർട്ടി വിജയം കൈപ്പിടിയിലൊതുക്കുമ്പോൾ മുഖ്യമന്ത്രി പദവിയിലേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാക്കളിലൊരാൾ ബാലക്‌നാഥാണ്.
രാജസ്ഥാനിലെ അൽവാർ ജില്ലയിലെ കൊഹ്‌റാന ഗ്രാമത്തിലാണ് ബാബാ ബാലക്‌നാഥിൻ്റെ ജനനം. ബാബാ ഖേനാഥിന്‍റെ അനുയായിയായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് സുഭാഷ് യാദവ്. അതിനാൽ കുഞ്ഞിലേ ഭക്തിമാർഗ്ഗത്തിൽ അതീവ താൽപരനായിരുന്നു ബാലക്‌നാഥും. ഭക്തിയുടെ പാരമ്യതയിൽ തൻ്റെ ആറാം വയസ്സിൽ വീടുവിട്ടിറങ്ങിയ ബാലക്‌നാഥ് ഒരു ആശ്രമത്തിലാണ് അഭയം കണ്ടെത്തിയത്.
ഗുരു മഹന്ത് ചന്ദ്നാഥാണ് ബാബാ ബാലക്‌നാഥിൻ്റെ ആത്മീയഗുരുവായും രാഷ്ട്രീയ ഗുരുവായും കണക്കാക്കപ്പെടുന്നത്. ആൽവാർ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു മഹന്ത് ചന്ദ്നാഥ്. 2016-ൽ നാഥ് വിഭാഗത്തിന്‍റെ ഏറ്റവും വലിയ ആശ്രമമായ ആസ്‌തൽ ബോഹാറിന്‍റെ എട്ടാമത്തെ മഠാധിപതിയായി നിയമിതനായതാണ് ബാബാ ബാലക്‌നാഥിൻ്റെ ആത്മീയ ജീവിതത്തില്‍ വഴിത്തിരിവായത്. സ്വന്തം മണ്ഡലത്തിൽ വിജയം കൈപ്പിടിയിലാക്കിയതിനുപിന്നാലെ സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയത് ബാലക്‌നാഥിന്‍റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Also Read:ഹിന്ദി ഹൃദയം കീഴടക്കി താമര, മോദി തരംഗമെന്ന് ബിജെപി...ഇനി ലോക്‌സഭയിലേക്ക്...ബ്ലോക്കായി ഇന്ത്യ മുന്നണി
ആരാകും മുഖ്യമന്ത്രി:രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ച ബിജെപിയുടെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ചർച്ചകൾ പുരോഗമിക്കുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായില്ലെങ്കിലും 200 അംഗ സഭയില്‍ 115 സീറ്റുകളിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. മൂന്ന് പേരുകളാണ് നിലവില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ളത്. ബാബാ ബാലക്‌നാഥ്, വസുന്ധര രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത് എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രിയെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന വിവരം.