ആയുഷ്‌മാന്‍ ഖുറാനയും അനന്യ പാണ്ഡെയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് 'ഡ്രീം ഗേൾ 2'. സിനിമയുടെ റിലീസ് ഓഗസ്‌റ്റിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നാണ് 'ഡ്രീം ഗേൾ 2'ന്‍റെ പുതിയ റിലീസ് തീയതി നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജൂലൈ ഏഴിന് ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഒരു മാസത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
പുതിയെ അപ്‌ഡേറ്റ് പ്രകാരം ഓഗസ്‌റ്റ് 25നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഏക്താ കപൂറിന്‍റെ ഫിലിം പ്രൊഡക്ഷൻ ബാനറായ ബാലാജി മോഷൻ പിക്‌ചേഴ്‌സാണ് ഡ്രീം ഗേൾ 2ന്‍റെ നിർമാണം. ഡ്രീം ഗേൾ 2ന്‍റെ പുതിയ റിലീസ് തീയതി ബാനറിന്‍റെ സോഷ്യൽ മീഡിയ പേജുകളില്‍ പങ്കുവയ്‌ക്കുകയായിരുന്നു. 'ഡ്രീം ഗേൾ ഓഗസ്റ്റ് 25ന് വരും. 'പൂജയുടെ ചുംബനം' ഓഗസ്‌റ്റ് 25ന്. ഡ്രീം ഗേൾ 2, ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും' -ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് കുറിച്ചു.
ആയുഷ്‌മാന്‍റെ തന്നെ 2019ൽ പുറത്തിറങ്ങിയ 'ഡ്രീം ഗേളി'ന്‍റെ രണ്ടാം ഭാഗമാണ് 'ഡ്രീം ഗേൾ 2'. ആദ്യ ഭാഗം ബോക്‌സോഫിസിൽ വൻ ഹിറ്റായിരുന്നു. ആയുഷ്‌മാന്‍ ഖുറാന, അനന്യ പാണ്ഡെ എന്നിവരെ കൂടാതെ രണ്ടാം ഭാഗത്തിൽ അസ്രാനി, അന്നു കപൂർ, പരേഷ് റാവൽ, മൻജോത് സിങ്, വിജയ് റാസ് എന്നിവരും അണിനിരക്കും.
അതേസമയം ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്‍' കാരണമാണ് 'ഡ്രീം ഗേള്‍ 2'ന്‍റെ റിലീസ് തീയതി മാറ്റിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂൺ രണ്ടിനാണ് 'ജവാന്‍' തിയേറ്ററുകളിൽ എത്തുക. ജവാനിൽ നിന്നും 'ഡ്രീം ഗേളി'നെ സംരക്ഷിക്കാനാണ് നിര്‍മാതാക്കള്‍ പുതിയ റിലീസ് പ്ലാൻ തയ്യാറാക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നിര്‍മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം 'ജവാന്‍' മാത്രമായിരുന്നില്ല 'ഡ്രീം ഗേള്‍ 2' നിര്‍മാതാക്കളുടെ മുന്നില്‍ ഉണ്ടായിരുന്നത്. പ്രഭാസും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിത്തോളജിക്കൽ ഡ്രാമ 'ആദിപുരുഷും' ജൂണിലാണ് തിയേറ്ററുകളില്‍ എത്തുക. ജൂൺ 16നാണ് ആദിപുരുഷിന്‍റെ തിയേറ്റര്‍ റിലീസ്. ഓഗസ്‌റ്റിലേയ്‌ക്ക് റിലീസ് നീട്ടി വച്ച് രണ്ട് പ്രധാന റിലീസ് ക്ലാഷ് ഒഴിവാക്കിയിരിക്കുകയാണ് ഡ്രീം ഗേള്‍ 2 നിര്‍മാതാക്കള്‍.