അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് തുടക്കം. ആചാരങ്ങളുടെ അവിഭാജ്യ ഘടകമായ ദശവിധ് കുളി, പ്രായശ്ചിത്ത, കർമകുടി പൂജകൾ എന്നിവയാണ് ഇന്ന് നടക്കുക.
നാളെ (ബുധൻ) മൂർത്തിയുടെ പരിസര പ്രവേശനം നടക്കും. വ്യാഴാഴ്‌ച വൈകിട്ട് തീർഥപൂജ, ജലയാത്ര, ജലാധിവാസം, സുഗന്ധ ദ്രവ്യങ്ങളിലെ ഗന്ധാധിവാസം എന്നിവ നടക്കും. വെള്ളിയാഴ്‌ച രാവിലെ ഔഷധക്കൂട്ടുകൾ, കസ്‌തൂരി, നെയ്യ്, വിവിധ ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള സ്‌നാനം എന്നിവ നടത്തും. ശനിയാഴ്‌ച രാവിലെ മധുരം, ഫലങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പൂജാവിധികളാണ് നടക്കുക. പ്രാണ പ്രതിഷ്‌ഠയുടെ തലേദിവസമായ ഞായറാഴ്‌ച രാവിലെ മധ്യാധിവാസ ചടങ്ങും വൈകിട്ട് ശയ്യാധിവാസവും നടക്കും.
ജനുവരി 22ന് ഉച്ചയ്‌ക്കാണ് പ്രതിഷ്‌ഠ ചടങ്ങുകള്‍ ആരംഭിക്കുക. 121 ആചാര്യന്മാരാണ് താന്ത്രിക വിധി പ്രകാരം നടക്കുന്ന പൂജാദി കർമങ്ങൾ നിർവഹിക്കുക. ശ്രീ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് മേൽനോട്ടം വഹിക്കും. കാശിയിലെ ലക്ഷ്‌മികാന്ത് മഥുരനാഥ് ദീക്ഷിത് ആണ് മുഖ്യ കാർമികന്‍. ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നതാണ് മുഖ്യ ചടങ്ങ്. ഏകദേശം 200 കിലോ തൂക്കം വരുന്ന വിഗ്രഹമാണിത്. 12.20ന് ആരംഭിക്കുന്ന പ്രതിഷ്‌ഠ ചടങ്ങ് 2 മണിയോടെ സമാപിക്കും.
Also Read:അയോധ്യയിൽ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ; വില 14.50 കോടി രൂപ
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്‌എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നൃത്യ ഗോപാല്‍ ദാസ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പാട്ടീല്‍ തുടങ്ങിയവരും ചടങ്ങിനെത്തും. 150 സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും.
അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ് രാജ്യത്ത് മുഴുവന്‍ ആവേശം പകരുകയാണെന്നും, ഭാരതം മുഴുവന്‍ ചടങ്ങ് ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് നേരത്തെ പറഞ്ഞിരുന്നു. പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് ഇന്ത്യയിലെ മുഴുവന്‍ ക്ഷേത്രങ്ങളും അലങ്കരിക്കാനും ഭജന നടത്താനും ശ്രീരാമ ചമ്പത് റായ് നിര്‍ദേശിച്ചു.
പ്രതിഷ്‌ഠ ദിനത്തില്‍ വീടുകളില്‍ വൈകിട്ട് ജയ് ജയ് ശ്രീറാം വിളിക്കണം. ചടങ്ങ് ഓരോ ഭാരതീയനും അഭിമാന നിമിഷമാണെന്നും ചമ്പത് റായ് പറഞ്ഞു. ചടങ്ങുകളുടെയെല്ലാം അവസാനം രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ വാദ്യോപകരണങ്ങള്‍ വായിക്കും. പ്രഗത്ഭരായ കലാകാരന്മാരാണ് ശ്രീറാം ലല്ലയ്‌ക്ക് മുന്നില്‍ വാദ്യോപകരണങ്ങള്‍ വായിക്കുക. ഇതോടെ പ്രതിഷ്‌ഠ ചടങ്ങുകള്‍ക്ക് പരിസമാപ്‌തിയാകും. തുടര്‍ന്ന് അടുത്ത ദിവസം മുതല്‍ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:രാമക്ഷേത്ര നിർമാണത്തെ മുസ്‌ലിങ്ങൾ അനുകൂലിക്കുന്നെന്ന് സർവേ; മോദി കാരണം ബിജെപിയിൽ വിശ്വാസം വർധിച്ചതായും കണ്ടെത്തൽ