മഹാകലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ച് അക്ഷര്‍ പട്ടേലും ഭാര്യ മേഹ പട്ടേലും ഭോപ്പാല്‍: മധ്യപ്രദേശിലെ മഹാകലേശ്വര്‍ ക്ഷേത്രം ഭാര്യയോടൊപ്പം സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ അക്ഷര്‍ പട്ടേല്‍. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. പുലര്‍ച്ച മൂന്ന് മണിക്ക് നടന്ന ബസ്‌മ ആരതി ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇരുവരും ബാബ മഹാകല്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
ബസ്‌മ ആരതി പൂജയ്‌ക്ക് ശേഷം, അക്ഷര്‍ പട്ടേലിന്‍റെ ഭാര്യ മേഹ, ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തി. ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും അനുഷ്‌ഠിച്ചതിന് ശേഷമാണ് ഇരുവരുടെയും മടക്കം. ജലാഭിഷേക ചടങ്ങുകള്‍ക്കായി ക്ഷേത്രത്തിലെ പൂജാരിയായ ഗുരു ബാബ്ലൂ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി.
മാത്രമല്ല, ബാബ മഹാകാലിന് പ്രസാദമായി അര്‍പ്പിച്ച പുഷ്‌പങ്ങള്‍ കൊണ്ട് നിര്‍മിച്ച മാലകളും പൂജാരി ദമ്പതികള്‍ക്ക് സമര്‍പ്പിച്ചു. ജനുവരി 26നായിരുന്നു അക്ഷര്‍ പട്ടേലും മേഹയും വിവാഹിതരാവുന്നത്. ഫെബ്രുവരി 17 മുതല്‍ 19വരെ നടന്നിരുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് മത്സരത്തില്‍ അക്ഷര്‍, ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നവദമ്പതികളായ കെ എല്‍ രാഹുലും ആതിയ ഷെട്ടിയും മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ആരതി ചടങ്ങുകള്‍ക്ക് ശേഷമാണ് ഇരുവരും ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുവാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ച ശേഷമാണ് രാഹുലിന്‍റെ മടക്കം.